sndp-town
എസ്.എൻ.ഡി.പി യോഗം കോന്നി ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠിക്കുവാനുള്ള വെണ്ണക്കൽ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് പത്തനംതിട്ട ടൗൺ ശാഖ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ, സെക്രട്ടറി സോമരാജൻ പി.കെ എന്നിവർ ചേർന്ന് ഹാരമണിയിച്ച് സ്വീകരിക്കുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം കോന്നി ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠിക്കുവാനുള്ള വെണ്ണക്കൽ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് പത്തനംതിട്ട ടൗൺ ശാഖയുടെ നേതൃത്വത്തിൽ ഭക്തി നിർഭരമായ സ്വീകരണം നൽകി. ഇന്നലെ ഉച്ചയ്ക്ക് ഗുരുക്ഷേത്രത്തിന് സമീപം എത്തിയ ഘോഷയാത്രയെ പ്രസിഡന്റ് സി.ബി സുരേഷ് കുമാർ, സെക്രട്ടറി സോമരാജൻ പി.കെ എന്നിവർ ചേർന്ന് ഹാരമണിയിച്ചു. വൈസ് പ്രസിഡന്റ് ഹരിലാൽ, വനിതാസംഘം പ്രസിഡന്റ് ബീനാസജിനാഥ്, സെക്രട്ടറി വിദ്യ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി.കെ ശ്രീകുമാർ, ഭാരവാഹികളായ സദാശിവൻ, സുരേന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ശ്യാമ ശിവൻ, വൈസ് പ്രസിഡന്റ് അഖിൽ അജയൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ സുനിൽ, രാജപ്പൻ വൈദ്യർ എന്നിവരും ശാഖാ അംഗങ്ങളും സ്വീകരണം നൽകി. രാവിലെ വിഗ്രഹം ശില്പിയിൽ നിന്ന് ഏറ്റുവാങ്ങി പാറയ്ക്കൽ പുണ്യ തീർത്ഥാടനകേന്ദ്രം, ഓമല്ലൂർ ഗുരുക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷമാണ് പത്തനംതിട്ട ടൗൺ ഗുരുക്ഷേത്രത്തിലെത്തിയത്. തുടർന്ന് പ്രമാടം ഗുരു മന്ദിരം, തെങ്ങുംകാവ് ഗുരുക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് കോന്നിയിൽ എത്തിച്ചേർന്നു. ഇന്ന് വൈകിട്ട് 4.30ന് ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. നാളെ വൈകിട്ട് 4ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നവീകരിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണം നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. ഡി.അനിൽകുമാർ, കെ.യു ജനീഷ്‌കുമാർ എം.എൽ.എ, കെ.പി ഉദയഭാനു, എ.പി ജയൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, വി.എ സൂരജ് എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് പ്രീതിലാലിന്റെ പ്രഭാഷണവും വൈകിട്ട് 6.30ന് ആകാശദീപക്കാഴ്ചയും, 7.30 ന് ഗാനമേളയും നടക്കും.