1
എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ കണ്ണച്ചതേവർ ക്ഷേത്രത്തിന് മുൻവശത്തെ ആൽമരത്തിൻ്റെ ശിഖരം ഒടിഞ്ഞ് കാറിന് മുകളിൽ പതിച്ചപ്പോൾ.

മല്ലപ്പള്ളി : ആൽമരത്തിന്റെ ശിഖരം കാറിന് മുകളിൽ ഒടിഞ്ഞുവീണ് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് എഴുമറ്റൂർ - പടുതോട് ബാസ്റ്റോ റോഡിൽ കണ്ണച്ചതേവർ ക്ഷേത്രത്തിന് മുൻവശത്തെ ആൽമരത്തിന്റെ ശിഖരമാണ് കാറിന്റെ മുകളിലേക്ക് ഒടിഞ്ഞു വീണത്. എഴുമറ്റൂർ സ്വദേശി പെരുമ്പ്രാടത്ത് വീട്ടിൽ സുനിൽകുമാറും ഭാര്യ രേഖയും സഞ്ചരിച്ചിരുന്നു കാറിന് മുകളിലാണ് മരം വീണത്. കെ.എസ്ഇ.ബി അധികൃതരും പെരുമ്പെട്ടി പൊലീസും സ്ഥലത്തെത്തിയെങ്കിലും പ്രദേശവാസികൾ മുൻകൈയെടുത്ത് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുമാറ്റി കാറിൽ ഉള്ളവരെ പുറത്തെത്തിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ ബസ് കയറുന്നതിനായി സ്ഥിരമായി നിൽക്കുന്ന സ്ഥലമാണ്. സ്കൂൾ അവധിയായതിനാലും ഉച്ചസമയം ആയതിനാലും അപകടം നടക്കുമ്പോൾ ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. താലൂക്ക് പ്രദേശത്തെ പലയിടങ്ങളിലും ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും നിൽപ്പുണ്ട്. ആഴ്ചകൾക്കു മുമ്പാണ് ചെറുകോൽപ്പുഴ - പൂവനക്കടവ് റോഡിൽ പൗവത്തിൽപ്പടിക്ക് സമീപം ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് താലൂക്ക്പ്രദേശത്തെ റോഡരികിൽ നിൽക്കുന്ന കാലപ്പഴക്കം ചെന്നതും അപകട ഭീഷണി ഉയർത്തുന്നതുമായ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുനീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.