പത്തനംതിട്ട : മഴ പെയ്തതോടെ പത്തനംതിട്ട നഗരത്തിലെ റോഡുകളിൽ യാത്ര ബുദ്ധിമുട്ടായി. വാട്ടർ അതോറിട്ടിയുടെ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികളാണ് വിനയായത്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് മുന്നിലെ റോഡിലൂടെ നടക്കുന്നവർ വലിയ കുഴിയിൽ വീഴാൻ സാദ്ധ്യതയുണ്ട്. സെന്റ് മേരീസ് സ്കൂളിലേക്കുള്ള റോഡിലെ ഓടയിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകുകയാണ്.
ചെളിയും റോഡിലെ കുഴിയും കാരണം വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി പോകുന്നത്. വാട്ടർ അതോറിട്ടിയുടെ പൈപ്പിടലിനെ തുടർന്ന് മണ്ണിട്ട് ഉറപ്പിച്ച ഭാഗമാണ് ചെളിക്കുളമായത്. വാഹനങ്ങൾ കയറിയിറങ്ങിയാണ് കുഴിയായത്. മണ്ണ് റോഡിൽ നിരന്നുകിടക്കുകയാണ്. വാഹനങ്ങൾ കയറിയിറങ്ങി വലിയ കുഴികൾ റോഡിൽ രൂപപ്പെടുകയാണ്. മണ്ണുംചെളിയും റോഡ് മുഴുവൻ നിറഞ്ഞുകിടക്കുന്നു. റോഡരികിലെ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വെള്ളക്കെട്ടാണ് . ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്.
-----------------
" മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാനെത്തിയതാണ്. മഴപെയ്തതോടെ കുഴിയേതാണ് റോഡേതാണ് എന്ന് അറിയാൻ കഴിഞ്ഞില്ല. ഇത് വലിയ അപകടമാണ്. "
ദിവാകരൻ
പ്രക്കാനം സ്വദേശി