പത്തനംതിട്ട : ഇടവ മാസ പൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കാനിരിക്കെ അയ്യപ്പ ഭക്തർക്കായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. അയ്യപ്പഭക്തർക്ക് സൗകര്യപ്രദമായി ദർശനം നടത്തി മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസങ്ങളിലണ്ടായ കാറ്റിലും മഴയിലും ശരണപാതയിൽ കടപുഴകിയും ഒടിഞ്ഞും വീണ മരങ്ങൾ നീക്കം ചെയ്യും. കാട്ടാനയുടെ ശല്യമുള്ള പ്രദേശങ്ങളിൽ എലിഫന്റ് സ്‌ക്വാഡിനെ നിയമിച്ചതായി ഡി.എഫ്.ഒ പറഞ്ഞു.
ഭക്തർക്ക് അസൗകര്യങ്ങൾ ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി റാന്നി തഹസിൽദാർ അറിയിച്ചു. വൈദ്യുതി വിതരണത്തിന് തടസങ്ങളില്ലെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ വ്യക്തമാക്കി.
പമ്പാനദിയിൽ അപകടമൊഴിവാക്കാൻ അതീവജാഗ്രത പുലർത്താറുണ്ടെന്നും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ കൃത്യമായി മൊബൈൽ കണക്ടിവിറ്റി ഉറപ്പാക്കിയിട്ടുണ്ടെന്ന് ബി.എസ്.എൻ.എൽ പ്രതിനിധി ഉറപ്പുനൽകി. മാസപൂജ സമയത്തെ അറ്റകുറ്റപണികൾ കൃത്യമായി ചെയ്തുതീർക്കുന്നുണ്ടെന്ന് പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ പറഞ്ഞു. കുടിവെള്ളം കൃത്യമായി ലഭ്യമാക്കാൻ കഴിയുന്നുണ്ടെന്നും പൈപ്പുകളുടെ അറ്റകുറ്റ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുന്നുണ്ടെന്നും ജല അതോറിറ്റി എൻജിനിയർ അറിയിച്ചു.
മാസപൂജ സമയത്തും ശബരിമലയിൽ കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും വ്യക്തമാക്കി. ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി ആവശ്യമായ സർവീസ് ഷെഡ്യൂൾ ചെയ്തതായി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. നീലിമലയിലടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.