dry

പത്തനംതിട്ട : കൊതുക് ജന്യരോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ ഡ്രൈഡേ ദിനാചരണം നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലും പരിസരത്തും നടത്തിയ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.അനിതകുമാരി എൽ. നിർവഹിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയൊട്ടാകെ നടത്തിയ ഡ്രൈഡേ ദിനാചരണത്തിൽ ജനപ്രതിനിധികൾ, ആശാപ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ വോളണ്ടിയർമാർ, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
റബർത്തോട്ടങ്ങളിലെ കമഴ്ത്തിവയ്ക്കാത്ത ചിരട്ടകൾ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ, നിർമ്മാണ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ചെടിച്ചട്ടികളുടെ അടിയിൽ വച്ചിരിക്കുന്ന ട്രേ, ഉപയോഗ ശൂന്യമായ പാത്രങ്ങൾ, ഇൻഡോർ പ്ലാന്റുകൾ തുടങ്ങിയവയിലെല്ലാം കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇടവിട്ട് മഴപെയ്യുന്ന സാഹചര്യത്തിൽ വീടിനുള്ളിലും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. വരുംദിവസങ്ങളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.