പത്തനംതിട്ട : ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ഏകോപിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആരോഗ്യ വകുപ്പിലെ സംസ്ഥാനതലത്തിലെ ഉന്നതതല സംഘം ജില്ല സന്ദർശിക്കും. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിൽ പനിയും മറ്റുരോഗലക്ഷണങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.