മല്ലപ്പള്ളി : റോഡരികിലെ പഴയ ടെലിഫോൺ പോസ്റ്റുകൾ വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. കോട്ടയം-കോഴഞ്ചേരി, മല്ലപ്പള്ളി-തിരുവല്ല, മല്ലപ്പള്ളി-ആനിക്കാട്, മല്ലപ്പള്ളി-റാന്നി റോഡുകളുടെ വശങ്ങളിലാണ് പോസ്റ്റുകൾ. വർഷങ്ങൾക്ക് മുമ്പ് കേബിളുകൾ മാറ്റിയെങ്കിലും പോസ്റ്രുകൾ മാറ്റാൻ നടപടിയില്ല. ചിലയിടങ്ങളിൽ തൂണുകൾ ചരിഞ്ഞ് റോഡിലേക്ക് കിടക്കുകയാണ്. ചുങ്കപ്പാറ,എഴുമറ്റൂർ , വെണ്ണിക്കുളം, പുറമറ്റം കവലകളിൽ ഇത്തരത്തിലുള്ള പോസ്റ്റുകളുണ്ട്. മല്ലപ്പള്ളി ടൗണിലും പരിസരത്തുമായി പത്തിനഞ്ചിലേറെ പോസ്റ്റുകളുണ്ട്. മിക്കയിടങ്ങളിലും പോസ്റ്റുകൾ റോഡിലേക്ക് തള്ളിനിൽക്കുകയാണ്. പലതും കാലപ്പഴക്കത്താൽ ദ്രവിച്ചതാണ്.
കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി 110 കെ.വി സബ്സ്റ്റേഷന് സമീപത്തെ വളവിൽ നിൽക്കുന്ന ടെലിഫോൺ പോസ്റ്റ് അപകടക്കെണിയാണ്. ഇരു ദിശകളിലേക്കായി വളവുകളുള്ളതിനാൽ അപകടസാദ്ധ്യതയേറെയാണ്. തൊട്ടടുത്ത വളവുകളിലായി നിരവധി അപകടങ്ങളും നടന്നിട്ടുണ്ട്. വീതി കുറവായ ഗ്രാമീണ റോഡുകളിലും വാഹനയാത്രയ്ക്ക്
തടസമായി പോസ്റ്റുകളുണ്ട്. ഇവ നീക്കംചെയ്യാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
------------------------
താലൂക്ക് പ്രദേശത്തെ വിവിധ റോഡുകൾ ഉന്നത നിലവാരത്തിൽ നിർമ്മിച്ചെങ്കിലും ഉപയോഗശൂന്യമായ ടെലിഫോൺ പോസ്റ്റുകൾ നീക്കം ചെയ്യാത്തത് സുഗമമായ വാഹന യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നു അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണം
പ്രതീഷ്.കെ.ആർ
ബാങ്ക് ജീവനക്കാരൻ