ശബരിമല : തീർത്ഥാടകർ എത്തിയ ചെറുവാഹനങ്ങൾ ഹൈക്കോടതി അനുമതിയെ തുടർന്ന് പമ്പയിൽ പാർക്കുചെയ്യാൻ തുടങ്ങി. ചാലക്കയം, ചക്കുപാലം രണ്ട്, ത്രിവേണി ഹിൽടോപ്പ് എന്നിവിടങ്ങളിൽ ചെറുവാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാർച്ചിൽ ചക്കുപാലം രണ്ടിലെ അടിക്കാടുകൾ വെട്ടിതെളിച്ച് എത്ര വാഹനങ്ങൾ പാർക്കുചെയ്യാൻ കഴിയുമെന്ന കണക്കെടുപ്പും നടത്തി. ചക്കുപാലം രണ്ട്, ഹിൽടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിംഗിന് കോടതി അനുമതി നൽകിയത്. പാർക്കിംഗ് ഗ്രൗണ്ടുകളിൽ ദേവസ്വം ബോർഡ് വൈദ്യുതി വിളക്കുകളും ഒരുക്കിയിട്ടുണ്ട്. 14 സീറ്റിൽ താഴെയുള്ള 600 വാഹനങ്ങൾക്കാണ് ഇവിടെ പാർക്കു ചെയ്യാൻ കഴിയുന്നത്.
നിരോധനം 2018 മുതൽ
2018ലെ പ്രളയത്തിനുശേഷമാണ് സുരക്ഷാകാരണങ്ങൾ ചൂണ്ടികാട്ടി പമ്പയിലെ പാർക്കിംഗ് നിരോധിച്ചത്. തുടർന്ന് തീർത്ഥാടകരുമായി എത്തുന്ന ചെറു വാഹനങ്ങൾ മാത്രം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിട്ടിരുന്നത്. തീർത്ഥാടകരെ പമ്പയിലിറക്കിയശേഷം വാഹനങ്ങൾ തിരിച്ച് നിലയ്ക്കൽ എത്തിയാണ് പാർക്കു ചെയ്തിരുന്നത്. ഇത് തീർത്ഥാടകർക്ക് ധനനഷ്ടത്തിനും സമയനഷ്ടത്തിനുമൊപ്പം ഏറെ ദുരിതവും സൃഷ്ടിച്ചിരുന്നു.
ചക്കുപാലം രണ്ട്, ഹിൽടോപ്പ് എന്നിവിടങ്ങളിൽ
പാർക്കിംഗിന് അനുമതി
കൂടുതൽ പാർക്കിംഗിന് അനുമതി തേടും
ചാലക്കയത്തും ചക്കുപാലം ഒന്നിലും പമ്പാ ത്രിവേണിയിലും പാർക്കിംഗിന് കോടതിയുടെ അനുമതിതേടും. പ്രളയത്തിൽ വന്നടിഞ്ഞ മണൽവാരി സൂക്ഷിച്ചിരിക്കുന്നത് ചക്കുപാലം ഒന്നിലാണ്. ഈ മണൽ ഇവിടെ നിന്ന് മാറ്റി പാർക്കിംഗ് ഗ്രൗണ്ടാക്കാൻ ദേവസ്വം ബോർഡ് ആലോചിക്കുന്നുണ്ട്. കോടതിയുടെ അനുമതി ലഭിച്ചാൽ പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയും.
അഡ്വ.അജികുമാർ
(ദേവസ്വം ബോർഡ് മെമ്പർ)