തിരുവൻവണ്ടൂർ: ജീവിതത്തിൽ സമബുദ്ധിയും താളലയവും കൊണ്ടുവരാൻ സഹായിക്കുന്നത് ഗീതാദർശനമാണെന്ന് എരുമേലി ആത്മബോധിനി ആശ്രമം മഠാധിപതി സ്വാമി സത്സ്വരൂപാനന്ദസരസ്വതി. പാണ്ഡവീയ സത്ര വേദിയിൽ ശ്രീകൃഷ്ണൻ മാതൃകാ വ്യക്തിത്വം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൃഷ്ണ സങ്കല്പം പോലെ മനസിലാക്കാൻ ഒരേ സമയം എളുപ്പവും വിഷമകരവുമായ ദൈവ സങ്കല്പം ലോകത്ത് മറ്റൊരു മതത്തിലുമില്ല. കൃഷ്ണനെ പോലുള്ളയുള്ളയാൾ ഒപ്പമുണ്ടാകണമെന്ന് മനസിലെങ്കിലും തോന്നാത്ത സ്ത്രീകൾ കുറവാണ്. പുണ്യാവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ വന്നത് ധർമ്മം സ്ഥാപിക്കാനാണ്. ഇതിനായി ദുഷ്ടനിഗ്രഹവും ശിഷ്ടരക്ഷണവും ചെയ്തു. ഭഗവാന്റെ ഉപദേശസാരം ഗീതയാണ്. അവിടുത്തെ ജീവചരിത്രം ഭാഗവതവും. ശ്രീകൃഷ്ണ ഭഗവാന്റെ ഏതെങ്കിലുമൊരു ചിത്രമോ ശില്പമോ ഒന്നു കൂടി ശ്രദ്ധിക്കുമ്പോൾ കൈകളിൽ ഭയപ്പെടുത്തുന്ന ആയുധങ്ങളില്ല. പകരം സംഗീതം പൊഴിയുന്ന ഓടക്കുഴൽ. ശിരസിൽ കീരിടമില്ല. പകരം അനുരാഗം തുകുന്ന മയിൽപ്പീലി. മുഖത്ത് വിരക്തി ഭാവമില്ല, വിഷാദവുമില്ല. പകരം കുസൃതി നിറഞ്ഞ ചിരി. ഇതെല്ലാമാണ് നാമറിയാതെ ഈ ദൈവത്തെ ഇഷ്ടപ്പെട്ടു പോകുന്നതെന്ന് സ്വാമി പറഞ്ഞു. ചടങ്ങിൽ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം ആൻഡ് സൈനിക്‌സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ബി.സന്തോഷ് ചെറുകോൽ അദ്ധ്യക്ഷനായി. -