പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മൂന്നാർ റൂട്ടിൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദ സഞ്ചാരികൾ പോകുന്ന പ്രധാന പ്രദേശമാണ് മൂന്നാറും സമീപ പ്രദേശങ്ങളും. പത്തനംതിട്ടയിൽ നിന്ന് നേരിട്ട് മൂന്നാർ ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നില്ല. പത്തനംതിട്ട, റാന്നി, കോന്നി, കോഴഞ്ചേരി, സീതത്തോട്, തേക്കുതോട് പ്രദേശങ്ങളിൽ താമസിക്കുന്നവർ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നേരിട്ടുപോയി വരുന്നതിന് തിരുവല്ല, അടൂർ, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, തൊടുപുഴ ഭാഗത്ത് ചെന്ന് രണ്ടും മൂന്നും ബസ് മാറിക്കയറണം. അധിക ബസ് ചാർജ് നൽകി സമയനഷ്ടവും യാത്രാക്ലേശവും സഹിച്ച് യാത്രചെയ്യേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. വലിയ വരുമാനം ലഭിക്കുന്ന പ്രധാന റൂട്ടാണിത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബസ് മൂന്നാറിന് പോയി തിരികെ മൂന്നാറിൽ നിന്ന് ഉച്ചകഴിഞ്ഞ് പുറപ്പെട്ട് വൈകിട്ട് പത്തനംതിട്ടയിൽ എത്തിച്ചേരുന്ന രീതിയിൽ ബസിന്റെ സമയവും ക്രമീകരിച്ച് അധികൃതർ സർവീസ് നടത്തിയാൽ പ്രദേശത്തെ യാത്രക്കാർക്ക് പ്രയോജനകരമാകും.