പത്തനംതിട്ട : മതിലുകൾക്കിടയിൽ കുടുങ്ങി അവശതയിലായ നായയ്ക്ക് ട്രാഫിക് പൊലീസും ഫയർഫോഴ്‌സും രക്ഷയൊരുക്കി. ഇന്നലെ രാവിലെ 10ന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ചർച്ചിന് സമീപമായിരുന്നു സംഭവം. നാലുമാസം പ്രായമുള്ള നായയുടെ ദയനീയാവസ്ഥ മനസിലാക്കിയ ട്രാഫിക് പൊലീസ് അമൽ മോഹനാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. അസി.ഫയർ ഫോഴ്സ് സ്റ്റേഷൻ ഒാഫീസർ എ.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രക്ഷപ്പെടുത്തി നായയ്ക്ക് വെള്ളവും ബിസ്ക്കറ്റും നൽകി. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ഓട്ടോഡ്രൈവർ നിബു ഓട്ടോയിൽ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്ക് ശേഷം സന്നദ്ധ സംഘടനയ്ക്ക് നായയെ കൈമാറും. പത്തനംതിട്ട നഗരസഭ ഹെൽത്ത് വിഭാഗത്തിനാണ് നായയെ സംരക്ഷിക്കാനുള്ള ചുമതല.
പേവിഷ ബാധയോ ?
രക്ഷാപ്രവർത്തകരെ നായ കടിക്കാൻ ശ്രമിച്ചത്, പേവിഷ ബാധയുടെ ലക്ഷണമാണെന്ന് വെറ്രറിനറി ഡോക്ടർ സംശയം പ്രകടിപ്പിച്ചു. രോഗമുണ്ടെങ്കിൽ മറ്റുമൃഗങ്ങൾക്ക് പകരാതിരിക്കാൻ ആശുപത്രിയിൽ നിന്ന് മാറ്റേണ്ടിവരും. ഇപ്പോൾ വെറ്ററിനറി ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്.