അടൂർ : ഏഴംകുളം പഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്കായി പഞ്ചായത്ത് വാങ്ങിയ വാഹനം അപകടത്തിൽപ്പെട്ട് ഉപയോഗരഹിതമായിട്ട് ഒരുവർഷമാകുന്നു.
ഇലക്ട്രിക് വാഹനമായിരുന്നു . ഇത് ഒാടിക്കാനുള്ള പ്രത്യേക ലൈസൻസ് എടുക്കാൻ തയ്യാറെടുക്കുന്നതിനിടെ സാധാരണ ലൈസൻസ് ഉണ്ടായിരുന്ന ആളാണ് ഒരുമാസം ഒാടിച്ചത്. പിന്നീട് താത്കാലിക ഡ്രൈവറാണ് ഒാടിച്ചത്. ഇതിനിടെയാണ് വാഹനം പോസ്റ്റിൽ ഇടിച്ച് തകർന്നത്. കൈനറ്റിക് എന്ന കമ്പനി പുറത്തിറക്കിയ വാഹനമാണിത്. കമ്പനി പൂട്ടിയതിനാൽ പാർട്സുകൾ ലഭിക്കില്ല. ഇതൂമൂലം അറ്റകുറ്റപ്പണി നടത്താൻ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന് ഈ വർഷം പഞ്ചായത്തിന് വേണ്ടി വാഹനം വാങ്ങാൻ പണം വകയിരുത്താൻ പദ്ധതി ഉണ്ടായിരുന്നു. ഈ വണ്ടി കട്ടപ്പുറത്തായത് കാരണം പുതിയതിന് പണം അനുവദിച്ചില്ല. ഇപ്പോൾ വീണ്ടും വാടകയ്ക്ക് വാഹനം എടുത്താണ് ഹരിതകർമ്മസേന മാലിന്യം നീക്കംചെയ്യുന്നത്. എന്നാൽ ഏഴംകുളം പഞ്ചായത്തിന്റെ കുന്നുംമലയും നിറഞ്ഞ ഭൂപ്രകൃതിയിൽ ഇലക്ട്രിക് വാഹനം പ്രയോജനകരമല്ലെന്ന വിലയിരുത്തൽ ആവഗണിച്ചാണ് പഞ്ചായത്ത് വാഹനം വാങ്ങിയതെന്ന് പരാതിയുണ്ട്. പ്രത്യേക ഉത്തരവ് പ്രകാരം ഹരിതകർമ്മസേനയ്ക്കായി പത്തനംതിട്ട ജില്ലയിൽ ആദ്യം വാഹനം വാങ്ങിയത് ഏഴംകുളം പഞ്ചായത്താണ്.
.
------------------------
അപകടത്തിൽപ്പെട്ട വാഹനത്തിന് കുറച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. അധികം വൈകാതെ വാഹനം പ്രവർത്തനക്ഷമമാക്കി ഹരിതകർമ്മ സേനയ്ക്ക് കൈമാറാൻ കഴിയുമെന്നാണ് കരുതുന്നത്
വിനോദ് തുണ്ടത്തിൽ
ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്
--------------------
വനിതകൾക്ക് ഓടിക്കുവാൻ വേണ്ടി വാങ്ങിയ വാഹനം പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിക്കാതെ താത്കാലിക ജീവനക്കാനെക്കൊണ്ട് ഒാടിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഇനി വാഹനം റിപ്പയർ ചെയ്‌ത് പുറത്തിറക്കാൻ കഴിയില്ലെന്നാണ് വിവരം. പഞ്ചായത്തിനുണ്ടായ നഷ്ടം നികത്താൻ ഭരണസമിതി ബാദ്ധ്യസ്ഥരാണ്.
അനിൽ നെടുമ്പള്ളി
ബി ജെ പി അടൂർ നിയോജകം മണ്ഡലം പ്രസിഡന്റ്