പ്രമാടം : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ പ്രമാടത്ത് വ്യാപക നാശനഷ്ടം. നിരവധി വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. കെ.എസ്.ഇ.ബിയുടെ ട്രാൻസ് ഫോർമറുകളും വഴിവിളക്കുകളും തകരാറിലായി. പലയിടങ്ങളിലും മണിക്കൂറുകൾ വൈകിയാണ് മുടങ്ങിയ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. പ്രമാടം കൃഷിഭവന് സമീപമുള്ള പൊട്ടംകുളം ട്രാൻസ്ഫോർമറിൽ തീപിടിത്തം ഉണ്ടായെങ്കിലും നാട്ടുകാരുടെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ഇതിന് എതിർ വശത്തെ വീട്ടിലെ മീറ്റർ ബോക്സ് പൊട്ടിത്തെറിക്കുകയും വൈദ്യുതി ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്യു. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നാശമുണ്ടായി. പലയിടത്തെയും വൈദ്യുതി മീറ്റർ ബോക്സുകൾ തകരാറിലാണ്. ടി.വി, ഫാൻ, ലൈറ്റുകൾ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ വ്യാപകമായി കത്തിനശിച്ചിട്ടുണ്ട്. ഡിഷ് ടി.വികളുടെ എൽ.എം.പി മിക്ക വീടുകളിലെയും തകരാറിലായി. വൈദ്യുതിവിതരണം ഇന്നലെ ഉച്ചയോടെ പുന:സ്ഥാപിച്ചെങ്കിലും വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്. ഇന്നലെ നിരവധി തവണ പ്രദേശത്ത് വൈദ്യുതി മുടങ്ങി. ജനപ്രതിനിധികളുടെയും പഞ്ചായത്ത് , റവന്യൂ വകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ നാശഷ്ടത്തിന്റെ കണക്കെടുത്തു തുടങ്ങി.