അടൂർ : എംസി റോഡിൽ അടൂരിനും എനാത്തിനും മദ്ധ്യേ എം.ജി ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചു. ഇന്നലെ വെളുപ്പിന് 2.30 ഓടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് പോയ കാറും എതിരേവന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു കാറിന് തീപിടിച്ചു. അതുവഴി വന്ന മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്യൂഷൻ ഉപയോഗിച്ച് തീയണയ്ക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഏനാത്ത് പൊലീസ് ജീപ്പിൽ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. നാഗർകോവിൽ സ്വദേശികളായ കൃഷ്ണകുമാർ , അഭിനേഷ് ,ദ്വാരക് നാഥ്,രാജേഷ് എന്നിവർ ഒരുകാറിൽ കോട്ടയത്ത് നിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സാദിഖ്, അബ്ദുൽ സലാം,അബിത, ഫാത്തിമ , അബിതയുടെ ഒരു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മറ്റൊരു കാറിൽ ഉണ്ടായിരുന്നത്. അടൂർ അഗ്നിശമനസേന എത്തി വാഹനം അപകടസ്ഥലത്ത് നിന്നുനീക്കി.