bus

പമ്പ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് തമിഴ്നാട് തിരുവണ്ണാമല വാഴവച്ചന്നൂർ സ്വദേശി രാജശേഖരന്റെ മകൻ കെവിൻ (3) മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് ഇലവുങ്കൽ - കണമല റൂട്ടിൽ മന്ദിരംപടി ജംഗ്ഷന് സമീപമായിരുന്നു അപകടം. കെവിനും പിതാവ് രാജശേഖരനും സഹോദരനും ഉൾപ്പടെ 12 പേരാണ് ബസിൽ ഉണ്ടായിരുന്നത് . മന്ദിരം പടിയിലെത്തിയപ്പോൾ സ്റ്റിയറിംഗ് പ്രവർത്തന രഹിതമായതായി നിയന്ത്രണംവിട്ട വാഹനം മറിയുകയായിരുന്നു. ബസിന്റെ സൈ‌ഡ് സീറ്റിൽ പിതാവിന്റെ മടിയിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുകയായിരുന്ന കെവിൻ തെറിച്ചുവീണാണ് മരിച്ചത്. ഓടിക്കൂടിയ നാട്ടുകാരാണ് ബസിലുണ്ടായിരുന്നവരെ ആശുത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കെവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി