തിരുവല്ല : പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഡക്ക് ഫാമിലെ മുഴുവൻ താറാവുകളെയും ദയാവധത്തിന് വിധേയമാക്കി. ഡക്ക് ഫാമിൽ ഉണ്ടായിരുന്ന മുട്ടയിടുന്ന 2565 താറാവുകളെയും 1393 ചെറിയ താറാവുകളെയുമാണ് കൊന്നൊടുക്കിയത്. ഇവയെ ഗ്യാസ് ചേംബറിൽ കത്തിക്കുന്ന ജോലികൾ ഇന്നലെ വൈകിട്ടും തുടരുകയാണ്. ഫാമിന് പുറത്തെ കർഷകർ വളർത്തിയിരുന്ന 250 ലേറെ താറാവുകളെയും കോഴികളെയും കൊന്നൊടുക്കി. വീടുകളിൽ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വളർത്തു പക്ഷികളെ കണ്ടെത്തിയത്. വീടുകളിൽ നിന്ന് പിടികൂടി ദയാവധം നടത്തിയ പക്ഷികളെ അണുനാശിനി ഉപയോഗിച്ചശേഷം ആഴത്തിൽ കുഴിച്ചു മൂടി. പിടികൂടാൻ സാധിക്കാതിരുന്ന പക്ഷികളെ ഇന്ന് രാവിലെ മുതൽ ദയാവധം നടത്തുമെന്ന് കോർഡിനേറ്റർ സീനിയർ വെറ്ററിനറി സർജൻ ഡോ. ജോർജ് വർഗീസ് പറഞ്ഞു.
ദ്രുതകർമ്മ സേന
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദ്രുതകർമ്മസേനയുടെ അഞ്ചു പേർ വീതമുള്ള അഞ്ച് ടീമുകളും ഫാമിലെ 15 തൊഴിലാളികളും ചേർന്നാണ് രണ്ട് ദിവസത്തിനിടെ ഇത്രയേറെ താറാവുകളെ ദയാവധത്തിന് വിധേയമാക്കിയത്.
ഡക്ക് ഫാമിൽ ഉണ്ടായിരുന്ന കുട്ടനാട്ടിലെ ചാര, ചെമ്പല്ലി എന്നീ ഇനത്തിനുള്ള താറാവുകളുടെ തനത് ബ്രീഡ് ദയാവധത്തിൽ ഇല്ലാതായി. യഥാർത്ഥ ബ്രീഡ് വീണ്ടും രൂപപ്പെടുത്താൻ സമയമെടുക്കും. 1966ൽ സ്ഥാപിതമായ ഡക്ക് ഫാമിൽ പക്ഷിപ്പനി ബാധിച്ച് ഇത്രയേറെ താറാവുകളെ കൊന്നൊടുക്കുന്നത് ആദ്യമാണ്.
ഫാം അസി.ഡയറക്ടർ ഡോ.രാജു.
ഫാമിൽ ശുചീകരണം ഇന്ന് തുടങ്ങും
നിരണം ഡക്ക് ഫാമിലെ മുഴുവൻ താറാവുകളെയും കൊന്നൊടുക്കിയതിനെ തുടർന്ന് ഇന്ന് ശുചീകരണ ജോലികൾ ആരംഭിക്കും. അണുനശീകരണ ലായനി സ്പ്രേ ചെയ്യും. ഫാമിന്റെ പരിസരവും മറ്റും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കും. ഫാമിന്റെ സമീപപ്രദേശങ്ങളിലും അണുനാശിനി തളിക്കും. മൂന്ന് ദിവസം ശുചീകരണ ജോലികൾ നീണ്ടുനിൽക്കും.
ദയാവധത്തിന് വിധേയമായ താറാവുകൾ : 4208