16-water-authority
ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ ഇട്ടിരിക്കുന്ന ഭാഗത്തെ മണ്ണ് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്ക് ഒലിച്ചുപോയനിലയിൽ

പന്തളം: കുളനട പഞ്ചായത്തിലെ മാന്തുക- ഉള്ളന്നൂർ റോഡിൽ മാന്തുക ഗ്ലോബ് ജംഗ്ഷനിൽ അപകടക്കെണി. വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് ലൈൻ ഇട്ടിരിക്കുന്ന ഭാഗത്തെ മണ്ണ് കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ഒലിച്ചു പോയതോടെയാണ് ഭീഷണി. റോഡ് ടാറിങ്ങിനോട് ചേർന്ന ഭാഗത്താണ് കുഴി. . റോഡരികിനോട് ചേർത്ത് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് മൂന്ന് മാസത്തോളമായി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഉണ്ടായ മഴയിൽ ഉയർന്ന ഭാഗത്തുള്ള മണ്ണ് ഒലിച്ചുപോവുകയായിരുന്നു . ഇതുകാരണം വാഹനങ്ങളോ കാൽനടയാത്രക്കാരോ റോഡിന് അരികിലേക്ക് ചേർന്ന് യാത്ര ചെയ്താൽ കുഴിയിലേക്ക് വീഴുമെന്ന സ്ഥിതിയാണ്.
പൈപ്പ് ലൈൻ ഇട്ടശേഷം അശാസ്ത്രീയമായി മണ്ണ് മൂടിപ്പോവുകയിരുന്നു അധികൃതർ. മണ്ണ് ഒലിച്ചുപോയിട്ടും വാട്ടർ അതോറിറ്റി അധികൃതരോ പഞ്ചായത്ത് അധികൃതരോ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഹ്യൂമൻ റൈറ്റ്‌സ് ഒബ്‌സർവേഴ്‌സ് സൊസൈറ്റി ആവശ്യപ്പെട്ടു. രക്ഷാധികാരി ജോർജ് വർഗീസ് , ചെയർമാൻ ഇ. എസ് നുജുമുദീൻ, ജനറൽ സെക്രട്ടറി ജോൺസൺ മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു.