മല്ലപ്പള്ളി : സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്ന് കത്ത് എഴുതിവച്ച് വീട് വിട്ടിറങ്ങിയ സ്കൂൾ വിദ്യാർത്ഥിയായ പതിനാലുകാരനെ ചെന്നൈയിൽ നിന്ന് കണ്ടെത്തി. ആനിക്കാട് മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കഴിഞ്ഞദിവസം വൈകിട്ട് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെ 6.30ന് ട്യൂഷൻ സെന്ററിലേക്ക് പോയ ആദിത്യനെ കാണാതാവുകയായിരുന്നു. പിതാവ് വീട്ടിൽ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് സിനിമയിൽ അഭിനയിക്കാൻ പോകുകയാണെന്നും തിരക്കഥ എഴുതാൻ താൽപ്പര്യമുണ്ടെന്നും കാണിച്ചുള്ള കുറിപ്പ് കണ്ടെത്തിയത്. മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. മാതാപിതാക്കളുടെ പരാതിയിൽ കീഴ് വായ്പൂര് പൊലീസ് കേസെടുത്തിരുന്നു.