methrapolitha
ബിലീവേഴ്‌സ് ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തയുടെ കബറടക്ക ശ്രുശ്രുഷയുടെ ആദ്യഘട്ടം ഡാളസിൽ നടന്നപ്പോൾ

തിരുവല്ല: കാലംചെയ്ത ബിലീവേഴ്‌സ് ഇൗസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ തുടങ്ങി. ഓർത്തഡോക്സ്‌ പാരമ്പര്യപ്രകാരം എട്ട് ഘട്ടങ്ങളായി നടത്തേണ്ട കബറടക്ക ശുശ്രൂഷയുടെ ആദ്യഘട്ടം ഡാളസ്, വിൽസ് പോയിന്റിലെ സെന്റ് പീറ്റേഴ്സ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലാണ് നടന്നത്. കൊളംബോ - കിഗാലി ഭദ്രാസന അധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് മുഖ്യകാർമ്മികത്വം വഹിച്ചു. നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്കോപ്പ സഹകാർമ്മികനായി, സഭാ സെക്രട്ടറി ഫാ. ഡോ. ഡാനിയേൽ ജോൺസൺ അടക്കം നിരവധി വൈദികർ ശുശ്രൂഷയുടെ ഭാഗമായി. മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം ഇന്നലെ വൈകിട്ട് നാലുമുതൽ എട്ടുവരെ ഡാളസിലെ റസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വച്ചു. വിവിധ മതനേതാക്കളും സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.

ഭൗതികശരീരം 20ന് പുലർച്ചെ കേരളത്തിൽ എത്തിക്കും. ജന്മനാടായ നിരണത്തെ പള്ളിയിൽ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനത്തിന് വയ്ക്കും. 21ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ ചർച്ചിൽ കബറടക്ക ശുശ്രൂഷകൾ നടക്കും. ഡാളസിൽ കഴിഞ്ഞ ഏഴിന് പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ മെത്രാപ്പൊലീത്ത ചികിത്സയിലിരിക്കെ എട്ടിന് വൈകിട്ടാണ് കാലംചെയ്തത്.