v

പത്തനംതിട്ട : കാലവർഷം എത്തുകയാണ്, മലയോരത്ത് നിന്ന് കുതിച്ചെത്തുന്ന വെള്ളത്തിന് ഒഴുകിമാറാൻ വഴികൾ വേണം. പെയ്ത്തുവെള്ളം നീർത്തടങ്ങളിലെത്തണം. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് ജില്ലയിൽ 58 നീർച്ചാലുകൾ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നവീകരിച്ചു. മൂന്ന് വലിയ കുളങ്ങൾ നിർമ്മിച്ചു. കിണറുകൾ ശുചിയാക്കി. നവീകരിക്കാൻ ഇനിയുമുണ്ട് നീർച്ചാലുകളും കുളങ്ങളും. ഒട്ടേറെ നീർച്ചാലുകൾ കയ്യേറി നികത്തിയിട്ടുണ്ട്. അവയുടെ വീണ്ടെടുക്കൽ വെല്ലുവിളിയാണ്.

നീർച്ചാലുകളുടെ ആഴംകൂട്ടൽ, ഒഴുക്ക് വീണ്ടെടുക്കൽ, വശങ്ങളിലെ മണ്ണൊലിപ്പ് തടയാൻ കയർഭൂവസ്ത്രം വിരിച്ച് മുളങ്കുറ്റിയും പുല്ലും വച്ചു പിടിപ്പിക്കൽ എന്നിവയാണ് നടത്തിയത്. ഒട്ടേറെ മഴക്കുഴികളും നിർമ്മിച്ചു.

2018ലെ മഹാ പ്രളയമുണ്ടാക്കിയ ദുരിതമാണ് നീർച്ചാലുകളും കുളങ്ങളും കിണറുകളും നവീകരിക്കാനുള്ള പദ്ധതിക്ക് ആധാരം. നദികൾ കരകവിഞ്ഞപ്പോൾ വെള്ളം ഒഴുകിമാറാനുള്ള ചാലുകൾ നികന്നു പോയിരുന്നു. പലതും കയ്യേറ്റം ചെയ്യപ്പെട്ടു. തുർന്ന് തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് നിലവിലുള്ള നീർച്ചാലുകളുടെ നവീകരണം നടക്കുന്നത്. പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന പതിനഞ്ച് പഞ്ചായത്തുകളിലെയും പത്തനംതിട്ട നഗരസഭയിലെയും ജലസംരക്ഷണത്തിന് മാപ്പത്തോൺ സർവെ നടത്തിയാണ് നീർച്ചാൽ നവീകരണം ആരംഭിച്ചത്.

മഴയ്ക്ക് മുൻപ് തീരില്ല

നീർച്ചാൽ നവീകരണം കാലവർഷം തുടങ്ങുന്നതിന് മുൻപ് തീരില്ല. നീർച്ചാൽ നവീകരണത്തിന് പദ്ധതി തയ്യാറാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതും പെരുമറ്റച്ചട്ടത്തിന്റെ പേരിൽ ഉഴപ്പുന്നതും സാമ്പത്തിക പ്രതിസന്ധിയുമാണ് മെല്ലപ്പോക്കിന് കാരണം. ചാലുകളുടെ തുടക്കവും ഒടുക്കവും കണ്ടെത്തണം. നികന്നതും കാടുമൂടിയതും മാലിന്യം നിറഞ്ഞതുമായ ഭാഗങ്ങളാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നവീകരിക്കുന്നത്. കയ്യേറിയ ഭാഗങ്ങൾ വീണ്ടെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്.

നവീകരിച്ചത് 58 നീർച്ചാലുകൾ

ആകെ നീളം : 33.83 കിലോമീറ്റർ

നീർച്ചാൽ വീണ്ടെടുക്കൽ പുരോഗമിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാലുകളും താേടുകളും കുളങ്ങളും നവീകരിക്കുന്നത്. പുതിയ കുളങ്ങളും കിണറുകളും നിർമ്മിച്ചിട്ടുണ്ട്.

ജി. അനിൽകുമാർ, ഹരിതകേരളം മിഷൻ കോർഡിനേറ്റർ