sayaran-

കോന്നി: കോന്നിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന സൈറൺ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോന്നി ഗ്രാമപഞ്ചായത്ത് ഒാഫീസിന് മുന്നിലായിരുന്നു സൈറൺ. ആർ.എസ്‌. നായർ പഞ്ചായത്തു പ്രസിഡന്റായിരിക്കുബോഴാണ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്തൂപം നിർമ്മിച്ച് അതിനു മുകളിൽ സൈറൺ സ്ഥാപിച്ചത്. അക്കാലത്ത് രാവിലെ അഞ്ചു മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് നാല് മണിക്കും സൈറൺ പതിവായി പ്രവർത്തിച്ചിരുന്നു. അന്ന് സൈറന്റെ ശബ്ദം കേട്ട് ഉണരുന്നവരും ജോലിക്കുപോയിരുന്നവരും കോന്നിയിലുണ്ടായിരുന്നു. 2005 ൽ തകരാറിലായ സൈറൺ ഇളക്കിമാറ്റി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കാറ്റിൽ ഒടിഞ്ഞുവീണ, പഞ്ചായത്തു ഓഫീസിനു മുന്നലെ നെല്ലിമരം നിന്നിരുന്ന സ്ഥാനത്ത്. അന്നത്തെ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സൈറൺ പുനസ്ഥാപിക്കാൻ നടപടിയെടുത്തു. ഇതിനായി സ്‌പോൺസറെ കണ്ടെത്തി നെല്ലിമരം നിന്നിരുന്ന സ്ഥലത്ത് വൃക്ഷത്തിന്റെ ആകൃതിയിൽ സ്തൂപം നിർമ്മിച്ചെങ്കിലും അവസാന പണികൾ പൂർത്തിയാക്കി സൈറൺ സ്ഥാപിക്കാൻ കഴിഞ്ഞില്ല.ഇതിന്റെ അവസാനഘട്ട പണികൾ നടക്കുമ്പോഴാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പിന്നീട് ഇതിന്റെ പണികൾ നിലച്ചുപോവുകയായിരുന്നു

സ്തൂപമുണ്ട്, സൈറണില്ല

. മരച്ചില്ലയിൽ കിളിക്കൂടിൽ സൈറൺ ഇരിക്കുന്ന മാതൃകയിലാണ് ശില്പിയായ ആർട്ടിസ്റ്റ് പുലരി പുതിയ സൈറൺ സ്ഥാപിക്കാനുള്ള സ്തൂപം രൂപകൽപ്പന ചെയ്തത്. പിന്നീട് വന്ന ഭരണ സമിതി ഇതിന്റെ പണികൾ പൂർത്തിയാക്കിയില്ല. കോൺക്രീറ്റിൽ നിർമ്മിച്ച വൃക്ഷത്തിന്റെ മാതൃക ഇപ്പോഴും പഞ്ചായത്ത് ഓഫീസിനു മുന്നിലുണ്ട്. ഇതിൽ അവസാനവട്ട പണികൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത് . വാർത്താവിനിമയ സൗകര്യങ്ങൾ പരിമിതമായ കാലത്ത് നാട്ടുകാർക്ക് സമയമറിക്കാൻ വേണ്ടി നിർമ്മിച്ച സൈറൺ ഗൃഹാതുര സ്മരണയായുള്ളവർ നിരവധിയുണ്ട്.

---------------------

വൃക്ഷത്തിന്റെ മാതൃകയിൽ സ്‌തൂപം നിർമ്മിച്ച് സൈറൺ അതിൽ സ്ഥാപിക്കാനാണ് അന്നത്തെ ഭരണ സമിതി തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിന്നീട് പണികൾ പൂർത്തിയാവാതെ പോവുകയായിരുന്നു

പ്രവീൺ പ്ലാവിളയിൽ ( കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം )