പത്തനംതിട്ട : മഴ പെയ്തതതോടെ ചെളിനിറഞ്ഞ കുഴിയുമായി പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡ്. സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് നിർമ്മാണം നടക്കുന്നുണ്ട്. മറുഭാഗത്താണ് കുഴിയും ചെളിയും . ബസ് യാർഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിയ വെള്ളക്കെട്ടാണ് . ഈ വർഷത്തോടെ കുഴി നികത്താനാകുമെന്ന് നഗരസഭാ അധികൃതർ പറയുന്നു. മുമ്പ് ശബരിമല മണ്ഡലകാലത്ത് മാത്രം ചെറിയ അറ്റകുറ്റപ്പണികൾ നടത്തി പരാതി അവസാനിപ്പിക്കുകയായിരുന്നു അധികൃതർ . മൂന്ന് യാർഡുകളാണുള്ളത്. മദ്ധ്യഭാഗം കോൺക്രീറ്റ് ചെയ്തതാണ്. . ബാക്കി ഭാഗങ്ങളിൽ ചെളിയും കുഴിയുമായി കരയേത് കുഴിയേത് എന്നറിയാത്ത സ്ഥിതിയാണ്. . സ്റ്റാൻഡിലിറങ്ങി നടന്നുപോകുന്നവർ കുഴിയിൽ വീഴാറുണ്ട്. പ്രായമായവർക്കാണ് ബുദ്ധിമുട്ടേറെയും
അബാൻ മേൽപ്പാലത്തിന്റെ ജോലികൾ നടക്കുന്നതിനാൽ സ്റ്റാൻഡിന് പുറത്തും രക്ഷയില്ല. ഇവിടെയും നിറയെ വെള്ളക്കെട്ടാണ്. അതിന് പുറമേ അപകടകരമാം വിധം കമ്പികൾ വളഞ്ഞിരിക്കുന്നത് യാത്രക്കാരെ അപകടത്തിലാക്കുന്നുണ്ട്. കമ്പികൾ പൂർണമായി അറത്തുമാറ്റുകയോ കോൺക്രീറ്റ് ഇടുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
--------------------
വർഷങ്ങളായി ഈ കുഴിയിൽ ചവിട്ടിയാണ് യാത്ര ചെയ്യുന്നത്. അമ്പലത്തിൽ പോകാനാണ് ബസ് സ്റ്റാൻഡിലെത്തുന്നത്. ഈ ചെളിയും അഴുക്കുമായാണ് ക്ഷേത്ര ദർശനം നടത്തേണ്ടത്. ചില ബസ് നിർത്തുന്നത് തന്നെ കുഴിയിലാണ്. പിന്നെ കുഴിയിലിറങ്ങാതെ തരമില്ല.
സുശീല
ഓമല്ലൂർ സ്വദേശി