തിരുവല്ല : പക്ഷിപ്പനിയെ തുടർന്ന് നിരണത്ത് കൂടുതൽ താറാവുകൾ ചത്തു. നിരണം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പതിനായിരത്തോളം താറാവുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. നിരണം ഇടത്തിട്ടങ്കേരിൽ മനോജ് എബ്രഹാം, കണ്ണൻമാലിൽ കുര്യൻ മത്തായി എന്നിവരുടെ താറാവുകളാണ് കൂട്ടത്തോടെ ചത്തത്. കഴിഞ്ഞദിവസം കുര്യൻ മത്തായിയുടെ താറാവുകൾ ചത്തതിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നലെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും വർഷങ്ങളായി താറാവ് വളർത്തി ഉപജീവനം നടത്തുന്നവരാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ താറാവുകളെ വളർത്തി മുട്ട വിൽപ്പന നടത്തിയിരുന്നു. ഇവരുടെ പകുതിയോളം താറാവുകളും പാടത്ത് ചത്തു കിടക്കുകയാണ്. നിരണത്തിന് സമീപത്തെ തലവടി, എടത്വ പ്രദേശങ്ങളിൽ കഴിഞ്ഞമാസം ഒട്ടേറെ താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചിരുന്നു. ഈസമയം അവിടെ വളർത്തിയിരുന്ന താറാവുകളെ നിരണത്തെ പാടത്തേക്ക് മാറ്റിയതാണ് രോഗബാധ ഉണ്ടാകാൻ കാരണമെന്നാണ് സംശയിക്കുന്നത്. നിരണം ആറാം വാർഡിലുള്ള ഡക്ക് ഫാമിൽ കഴിഞ്ഞയാഴ്ചയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ 4,000 ത്തോളം താറാവുകളെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കൊന്നൊടുക്കിയിരുന്നു. ആറാം വാർഡിൽ ഉൾപ്പെടുന്ന 5 വീടുകളിലെ താറാവുകളെയും വളർത്തു കോഴികളെയും ഇന്നലെ ദയാവധത്തിന് വിധേയമാക്കി. ഇതിന് പിന്നാലെയാണ് പതിനൊന്നാം വാർഡിലും താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
അപ്പർകുട്ടനാട്ടിൽ രോഗവ്യാപന ഭീതി,
താറാവ് കർഷകർ ആശങ്കയിൽ,
പതിനൊന്നാം വാർഡിലെ രോഗം സ്ഥിരീകരിച്ച താറാവുകളെ ദയാവധത്തിന് വിധേയമാക്കും. നടപടികൾ മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും.
ലല്ലു കാട്ടിൽ, വാർഡ് അംഗം