പന്തളം: മാടക്കടയുടെ പിൻഭാഗത്തെ ടിൻഷീറ്റ് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാണയവും സ്‌റ്റേഷനറി സാധനങ്ങളും മോഷ്ടിച്ചു. പന്തളം മെഡിക്കൽ മിഷൻ - നൂറനാട് റോഡിൽ പൂഴിക്കാട് തോണ്ടുകണ്ടം ഭാഗത്ത് പൂഴിക്കാട് പനച്ചവിളയിൽ സുരേന്ദ്രന്റെ മാടക്കടയിലാണ് മോഷണം നടന്നത്. അഞ്ചുവർഷത്തിനിടെ നാലാംതവണയാണ് ഇവിടെ സമാന രീതിയിൽ മോഷണം നടക്കുന്നത്. കഴിഞ്ഞവർഷം സെപ്തംബറിൽ മോഷണം നടന്നതിനേത്തുടർന്ന് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇത് മറച്ചുവച്ചായിരുന്നു കഴിഞ്ഞ ദിവസത്തെ മോഷണം. പന്തളം പൊലീസ് കേസെടുത്തു.