കോന്നി; മലയാലപ്പുഴ, പുതുക്കുളം ജംഗ്ഷനിൽ റോഡിലെ കുഴികളും വെള്ളക്കെട്ടും അപകടഭീഷണി ഉയർത്തുന്നതായി പരാതി. അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡും പുതുക്കുളം മലയാലപ്പുഴ റോഡും ചേരുന്ന പുതുക്കുളം ജംഗ്ഷനിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളക്കെട്ടും കുഴികളും രൂപം കൊണ്ടത്. വാട്ടർ അതോറിറ്റിയുടെ കടവുപുഴയിലെ ടാങ്കിൽ നിന്നുള്ള വെള്ളം മലയാലപ്പുഴക്ക് പോകുന്ന മെയിൻ പൈപ്പാണ് ഇവിടെ പൊട്ടിയത്. മുൻപ് നാലു തവണ ഇവിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇപ്പോൾ കഴിഞ്ഞ നാലു മാസങ്ങളായി പൈപ്പ് പൊട്ടി റോഡിൽ വെള്ളക്കെട്ടാണെന്നും ഇത് പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വികസിപ്പിച്ച അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലാണ് വെള്ളക്കെട്ട്. തിരുവനന്തപുരം. കൊല്ലം ജില്ലകളിലെയും തമിഴ് നാടിന്റെ തെക്കൻ ജില്ലകളിലെയും ശബരിമല തീർത്ഥാടകർ വടശേരിക്കരയിൽ നിന്ന് വേഗത്തിൽ കോന്നിയിൽ എത്താൻ ഈ റോഡാണ് ഉപയോഗിക്കുന്നത്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ സെന്ററിഫ്യുജിഡ് ലാറ്റക്സ് ഫാക്ടറിയിലെ ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡിലെ വെള്ളകെട്ട് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇവിടെ പല തവണ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ കോന്നിയിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിന്റെ പരിധിയിലാണ് മലയാലപ്പുഴ ശുദ്ധജലവിതരണ പദ്ധതി. കല്ലാറ്റിലെ കടവുപുഴയിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളമാണ് ഈ പൈപ്പ് ലൈനുകളിലൂടെ മലയാലപ്പുഴയിൽ എത്തുന്നത്. പൈപ്പ് പൊട്ടി റോഡിൽ ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.........................................
നാലുമാസങ്ങളായി പുതുക്കുളം ജംഗ്ഷനിൽ ഇതാണ് സ്ഥിതി ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം
പി.സി ചെറിയാൻ
( പ്രദേശവാസി )
.....................
മുൻപ് 4 തവണ പൈപ്പുപൊട്ടിയിരുന്നു