പത്തനംതിട്ട: കുമ്പഴ മാസ്റ്റർ പ്ലാനിന്റെ കരട് നിർദ്ദേശങ്ങളിൽ പരാതി സമർപ്പിച്ചവരെ നേരിൽ കേൾക്കാൻ 30, 31 തീയതികളിൽ നഗരസഭ കാര്യാലയത്തിൽ ഹിയറിംഗ് നടത്തും. ഇതുവരെ 235 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കൂടുതലും ഒരേ സ്വഭാവമുള്ളവയാണ്. നഗരസഭ കൗൺസിൽ അംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സ്‌പെഷ്യൽ കമ്മിറ്റി നാല് കൗണ്ടറുകളിലായാണ് പരാതിക്കാരെ കേൾക്കുന്നത്. ജൂൺ ആദ്യ ആഴ്ചയിൽ സ്ഥല പരിശോധന നടത്തും. മാസ്റ്റർപ്ളാൻ സംബന്ധിച്ച പരാതികൾക്ക് പുറമെ നിർദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. എല്ലാം കൗൺസിൽ ചർച്ചചെയ്താണ് അന്തിമതീരുമാനം എടുക്കുക. സെൻട്രൽ ഏരിയ, കെ.എസ്.ആർ.ടി.സി, ബസ് സ്റ്റാൻഡ്, കണ്ണങ്കര എന്നീ സ്കീമുകൾ വൈകാതെ പ്രസിദ്ധീകരിക്കും. ടൗൺ സെന്ററിന്റെ വികസനവും ജനറൽ ആശുപത്രി കളക്ടറേറ്റ്, തൈക്കാവ് സ്‌കൂൾ എന്നിവ സ്‌കീമിൽ ഉൾപ്പെടുന്ന പ്രത്യേക പദ്ധതികളാണ്.
എല്ലാ വിഭാഗം ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സ്‌കീം നടപ്പാക്കാനാണ് നഗരസഭ ആഗ്രഹിക്കുന്നത്. ജില്ലാ ആസ്ഥാനത്തെ വിനോദ വിശ്രമ ഹബ്ബാക്കി കുമ്പഴയെ മാറ്റുക എന്നതാണ് സ്‌കീമിലൂടെ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഏറ്റവും നല്ല ശുദ്ധ വായു ലഭിക്കുന്ന പട്ടണമാണ് പത്തനംതിട്ട. വാസയോഗ്യമായ നഗരമായി റീ ബ്രാൻഡ് ചെയ്യുക എന്നതാണ് മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നത്.
ടി. സക്കീർ ഹുസൈൻ, നഗരസഭ ചെയർമാൻ