തിരുവല്ല: വേനൽമഴ കനത്തതോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും താളംതെറ്റി. കെട്ടിക്കിടക്കുന്ന മലിനജലവും മാലിന്യങ്ങളും മിക്കയിടത്തും പകർച്ചവ്യാധി ഭീഷണിയുയർത്തുന്നു. മിക്കദിവസങ്ങളിലും മഴ ശക്തമായി പെയ്യുകയാണ്. അടുത്ത ബുധൻ വരെ ജില്ലയിൽ തീവ്രമഴയുടെ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നലെയാണ് മിക്ക തദ്ദേശ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
നഗരസഭയിൽ കാര്യങ്ങൾ താളം തെറ്റി
തിരുവല്ല നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഒട്ടുംതന്നെ കാര്യക്ഷമമല്ല. നഗരസഭയിൽ പൊതുമരാമത്ത് വകുപ്പ്, മൈനർ ഇറിഗേഷൻ വകുപ്പ് പ്രതിനിധികളുടെ യോഗം ചേർന്നു. എന്നാൽ സംയുക്ത യോഗത്തിലെ തീരുമാനങ്ങൾ പോലും നടപ്പായില്ല. കറ്റോട് -തിരുമൂലപുരം ഭാഗത്തെ ഓടകൾ ശുചീകരിച്ചു. മറ്റു പ്രവർത്തനങ്ങളൊന്നും കാര്യമായി നടന്നിട്ടില്ല. നഗരസഭയിലെ ചന്തത്തോട്, മുല്ലേലി, പന്നിക്കുഴി തോടുകൾ മാലിന്യം നിറഞ്ഞു കിടക്കുകയാണ്.
വാർഡുതല ശുചീകരണവും മുടങ്ങി
ഇടറോഡുകളിൽ ഉൾപ്പെടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുംവിധം കാടുകൾ വളർന്നു നിൽക്കുകയാണ്. ഇഴജന്തുക്കൾ ഉൾപ്പെടുന്ന കാടുകൾ നീക്കാൻ നടപടിയില്ല. വാർഡുതല ശുചീകരണവും മുടങ്ങിയിരിക്കുകയാണ്. നഗരത്തിലെ സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, വാർഡുകൾ എന്നിവ കേന്ദ്രീകരിച്ച് സമ്പൂർണ ശുചീകരണവും നടന്നിട്ടില്ല.താലൂക്ക് ആശുപത്രി,റവന്യു ടവർ, മുൻസിപ്പൽ ഓഫീസ്, സ്‌കൂളുകൾ, അങ്കണവാടികൾ, ക്വാർട്ടേഴ്‌സുകൾ, ഇവയുടെ പരിസരങ്ങൾ എന്നിവയെല്ലാം ഒത്തുചേർന്ന് ശുചീകരിക്കേണ്ട പ്രവർത്തികളും തടസപ്പെട്ടു. മിക്ക സർക്കാർ ഓഫീസുകളുടെ പരിസരങ്ങളും കാടുകയറി കിടക്കുകയാണ്.
നഗരസഭയിൽ ഭരണസ്തംഭനം; ചർച്ച നേതൃമാറ്റം
നഗരസഭയിൽ രണ്ടാഴ്ചയിലേറെയായി ഭരണമാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനാൽ ഭരണകാര്യങ്ങൾ തടസപ്പെട്ടിരിക്കുകയാണ്.റവന്യു ഓഫീസർക്ക് ചുമതല നൽകി നഗരസഭാ സെക്രട്ടറിയും ഒരാഴ്ചയായി അവധിയിലാണ്. ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെടാനും ഇത് കാരണമായി. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ നിലവിലെ ചെയർപേഴ്‌സൺ അനു ജോർജിന് നൽകിയ ഭരണകാലാവധി തീർന്നിട്ടും രാജിവയ്ക്കാതെ തുടരുകയാണ്. കോൺഗ്രസ് നേതൃത്വം ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും അനു സ്ഥാനം ഒഴിയുന്നില്ല. കേരള കോൺഗ്രസിലെ ഷീലാ വർഗീസിനാണ് ഇനിയുള്ള കാലാവധിയിൽ അദ്ധ്യക്ഷ സ്ഥാനം. ഇന്നലെ രാജിവയ്ക്കണമെന്ന് അനു ജോർജിന് പാർട്ടി നേതൃത്വം നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാജികാര്യത്തിൽ ഇതുവരെയും വ്യക്തത ഉണ്ടായിട്ടില്ല.
........................
മഴക്കാല പൂർവ ശുചീകരണം ഉൾപ്പെടെ നഗരസഭയുടെ പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങും
ശ്രീനിവാസ് പുറയാറ്റ്
(മുൻസിപ്പൽ കൗൺസിലർ)