തിരുവല്ല: താലൂക്കിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെരിങ്ങരയിലും കുറ്റൂരിലും കടപ്രയിലും കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ജോലികൾ തുടങ്ങി. നെടുമ്പ്രത്ത് ഇന്നലെയാണ് ശുചീകരണം ആരംഭിച്ചത്. നിരണം പഞ്ചായത്തിൽ ഇന്ന് ശുചീകരണ ജോലികൾ ആരംഭിക്കും. കവിയൂരിലും ഇന്നലെ ശുചീകരണം തുടങ്ങി. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസും പരിസരവും വൃത്തിയാക്കി കവിയൂർ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 19ന് പഞ്ചായത്തിലെ എല്ലാ വീടുകളും ഡ്രൈഡേ ആചരിക്കാനും 20ന് പൊതുയിടങ്ങളും പൊതുസ്ഥാപനങ്ങളും 21ന് വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളും ശുചീകരണ പ്രവർത്തനം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജലജന്യ രോഗങ്ങൾ പ്രതിരോധിക്കുവാൻ വേണ്ടിയുള്ള ഭവന സന്ദർശനവും ബോധവൽക്കരണവും നടത്താനുള്ള പ്രവർത്തനങ്ങളും തുടങ്ങി. ശുചീകരണ പ്രവർത്തനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ, സെക്രട്ടറി സാം കെ.സലാം, വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, മെമ്പർമാരായ റെയ്ച്ചൽ വി.മാത്യു. വിനോദ് കെ.ആർ, ശ്രീകുമാരി രാധാകൃഷ്ണൻ, രാജശ്രീ കെ.ആർ, അനിതാ സജി, തോമസ് എം.വി, പ്രവീൺ ഗോപി, അസി.സെക്രട്ടറി അനീഷ് കുമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.