1

മല്ലപ്പള്ളി : എഴുമറ്റൂരിൽ പുറ്റത്താനി , കളിയൻകാവ് പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം മൂലം യാത്രക്കാർ ഭീതിയിൽ.

എഴുമറ്റൂർ വായനശാല ജംഗ്ഷന് സമീപം, വേങ്ങഴ, ഞാറയ്ക്കാട്ട് എന്നിവിടങ്ങളിലാണ് രാത്രിയിൽ നായ്ക്കളുടെ താവളം. പകൽ സമയങ്ങളിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിലും മറ്റും കഴിയുന്ന ഇവ സന്ധ്യയോടെ റോഡിലേക്കിറങ്ങും. യാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിക്കും. .തെരുവുനായ്ക്കൾ സംഘമായി എത്തി വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നുണ്ട്. പല വീടുകളിലെയും ആട്, മുയൽ, കോഴി എന്നിവയെ കൊന്നിട്ടുണ്ട്. വഴിയിൽ തള്ളുന്ന മാലിന്യങ്ങളാണ് ഇൗ ഭാഗത്ത് തെരുവുനായ്ക്കൾ തങ്ങാൻ കാരണം. പുറ്റത്താനി - കളിയൻകാവ് റോഡരികിൽ ആൾത്താമസമില്ലാത്ത ഭാഗങ്ങളിലെ റബർ തോട്ടങ്ങളിലാണ് കൂടുതലായും മാലിന്യങ്ങൾ വലിച്ചെറിയുന്നത്. എഴുമറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തും പുറ്റത്താനി വെയിറ്റിംങ് ഷെഡിന് സമീപത്തും ചിലർ നായ്ക്കൾക്ക് ഭക്ഷണംഎത്തിച്ചുനൽകുന്നതും ഇവയുടെ ശല്യത്തിന് കാരണമാണെന്ന് നാട്ടുകാർ പറയുന്നു. സൈക്കിളിനും സ്കൂട്ടറിനും പിന്നാലെ ഓടുക,പ്രഭാത സവാരിക്കാരുടെ മേൽ ചാടി വീഴുക എന്നിവ പതിവാണ്. കാട്ടുപൂച്ച, മരപ്പട്ടി, കാട്ടുപന്നി എന്നിവയുടെ ശല്യവും ഇൗ ഭാഗത്തുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

-----------------

നായ്ക്കളെ കണ്ട് ഭയന്ന

യാത്രക്കാൻ ബൈക്കിൽ നിന്ന് വീണു

തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മണി ഭാഗ്യം കൊണ്ടാണ് നായ്ക്കളുടെ ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30 ന് പുറ്റത്താനി - കളിയൻകാവ് റോഡിൽ സ്നേഹ ഗ്യാസ് ഗോഡൗണിന് സമീപമാണ് സംഭവം. സ്വകാര്യ മില്ലിലെ ജീവനക്കാരനായ മണിയുടെ ബൈക്കിന് പിന്നാലെ ഇരുവശത്തുനിന്നുമായി അഞ്ച് തെരുവ് നായ്ക്കളാണ് എത്തിയത്.

മഴ പെയ്തതോടെ വഴിവിളക്കുകൾ പ്രകാശിച്ചിരുന്നില്ല. നായ്ക്കൾ ബൈക്കിന് പിന്നാലെ എത്തിയ ശേഷമാണ് ഇവ ശ്രദ്ധയിൽപ്പട്ടതെന്ന് മണി പറഞ്ഞു. അപ്പോഴേക്കും റോഡിന്റെ തിട്ടയിൽ തട്ടി വാഹനം മറിഞ്ഞു. ബൈക്ക് വീണ ശബ്ദം കേട്ടാണ് നായ്ക്കൾ തിരികെപ്പോയതെന്ന് മണി പറഞ്ഞു.

നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് റോഡിൽ വീണ ഇയാളുടെ കൈകാലുകൾക്ക് നിസാര പരിക്കേറ്റു. ഒരാഴ്ചയ്ക്കിടയിൽ മൂന്നാം തവണയാണ് ഇവിടെ വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത്.