ചെങ്ങന്നൂർ : നവീകരിച്ച വരട്ടാറിലും പ്രദേശങ്ങളിലെ തോടുകളും മറ്റ് ജലാശയങ്ങളും മാലിന്യ കേന്ദ്രങ്ങളാകുന്നു. വീടുകളിൽനിന്നും പൊതുസ്ഥലങ്ങളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽനിന്നുമുള്ള ഖര, ദ്രാവക മാലിന്യങ്ങൾ വൻതോതിൽ തോടുകളിലും മറ്റും തള്ളിയിരിക്കുന്നതുമൂലം ഗ്രാമപ്രദേശങ്ങളിലെ സന്തുലിതാവസ്ഥ വൻതോതിൽ മാറിയിട്ടുണ്ട്. ഇതുമൂലം വൻ പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങളും ജനങ്ങൾക്ക് ഉണ്ടാകുന്നുണ്ട് . വീടുകളിലെയും മറ്റും മാലിന്യങ്ങൾ പ്ലാസ്റ്റിക് കിറ്റുകളിലാക്കി പൊതുതോടുകളിൽ തള്ളുന്നത് പതിവാണ്. പഞ്ചായത്തുകളിൽ ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും ഒട്ടുമിക്ക വീടുകളിലെ മാലിന്യങ്ങളും മുഴുവൻ തള്ളുന്നത് പൊതുതോടുകളിലാണ്. ഇതുമൂലം ഈ തോടുകളിൽ ഉണ്ടായിരുന്ന മത്സ്യസമ്പത്ത് പൂർണമായും നശിച്ച അവസ്ഥയാണ്. പൊതുതോടുകളിൽ ചെറുമത്സ്യങ്ങൾ പോലുമില്ല. ഇല്ലിമല തോട്, മൂഴിക്കൽ തോട്, നവീകരിച്ച വരട്ടാർ, ചൂളാർ, പെരുംകുളം തോട്, കുട്ടൻപേരൂർ ആറ് എന്നിവിടങ്ങളിലാണ് കൂടുതലും നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നത്. മാലിന്യങ്ങൾ തള്ളുന്നതിനോടൊപ്പംതന്നെ തോട് കൈയേറ്റവും ഇത്തരത്തിലുള്ള ചെറുതോടുകൾ ഇല്ലാതാക്കുന്നതിലേക്ക് നയിച്ചു. ത്വക്ക് രോഗങ്ങളും ശ്വാസകോശരോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളും ഈ മേഖലയിൽ വ്യാപകമാകുന്നതിന് ഈ മാലിന്യങ്ങൾ കാരണമാകുന്നുമുണ്ട്. അടിയന്തരമായി പഞ്ചായത്തുകളിലെ പൊതുതോടുകളിൽനിന്ന് മാലിന്യം നീക്കം ചെയ്ത് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് തോടിന്റെ ഒഴുക്ക് സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.................................................

മഴ തുടങ്ങി ഇനിയും വൃത്തിയാക്കലും തിട്ടക്കെട്ടലും നടക്കില്ല , പുഴകളിലും തോടുകളിലും മഴക്കാല ശുചീകരണം നടത്തണം.

ശശിധരൻ പിള്ള

(പ്രദേശവാസി)

1. കൈയേറ്റം ഒഴിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം

2. പൊതുതോടുകളിൽനിന്ന് മാലിന്യം നീക്കം ചെയ്യണം