മാന്നാർ: അപ്പർ കുട്ടനാട്ടിലെ കർഷകരുടെ നെല്ല് സംഭരണം നടക്കാത്തതിന്റെ പിന്നിൽ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒളിച്ചു കളിയാണെന്ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ചെന്നിത്തല മേഖല വാർഷിക പൊതുയോഗം ആരോപിച്ചു. സർക്കാരിന്റെ ഒത്താശയോടെ ഒരു കിന്റൽ നെല്ലിന് 15കിലോ കിഴിവ് ഏർപ്പെടുത്തിയ മില്ലുടമകളുടെ നടപടി നീതീകരിക്കുവാൻ കഴിയുകയില്ല. നെല്ല് സംഭരിക്കാത്തതുമൂലം കൃഷിയിടത്തിൽ കിടക്കുന്ന നെല്ല് ദിവസം കഴിയുംതോറും ഉപയോഗശൂന്യമാകുകയാണ്. കൃഷിക്കാരായ പിന്നാക്ക സമുദായക്കാരോടുള്ള അവഗണനയ്‌ക്കെതിരെയും നെൽ കർഷകരുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും അടിയന്തര പ്രാധാന്യത്തോടെ കിഴിവുകൾ ഒഴിവാക്കി യഥാർത്ഥ തൂക്കത്തിനുള്ള പണം ലഭ്യമാകുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്നും അല്ലാത്തപക്ഷം കൃഷി ഓഫീസുകളും, പഞ്ചായത്ത് ഓഫീസുകളും മാന്നാർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ഉപരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മാന്നാർ യൂണിയൻ ചെന്നിത്തല മേഖല വാർഷിക പൊതുയോഗം യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അനിൽ. പി.ശ്രീരംഗം സംഘടന പ്രവർത്തനം വിശദീകരിച്ചു. 146-ാം തൃപ്പെരുംന്തുറ ശാഖാ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ മേഖലാ വൈസ് ചെയർമാൻ രാജേന്ദ്രപ്രസാദ് അമൃത അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൺവീനർ അനിൽകുമാർ. ടി.കെ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ പി.ബി സൂരജ്, പുഷ്പ ശശികുമാർ, രാധാകൃഷ്ണൻ പുല്ലാമഠം,ഹരി പാലമൂട്ടിൽ, വനിതാ സംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ ബിനു രാജ് എന്നിവർ പ്രസംഗിച്ചു. മേഖലാ കൺവീനർ അനിൽകുമാർ.ടി.കെ സ്വാഗതവും, നിയുക്ത മേഖലാ ചെയർമാൻ കെ.വിശ്വനാഥൻ കൃതജ്ഞതയും പറഞ്ഞു. മേഖലയുടെ പുതിയ ഭാരവാഹികളായി കെ.വിശ്വനാഥൻ (ചെയർമാൻ), വിജയൻ വൈജയന്തി (വൈസ് ചെയർമാൻ), പി.മോഹനൻ (കൺവീനർ), ജയപ്രകാശ് കീച്ചേരി ബംഗ്ലാവിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. കെ.സഹദേവൻ,സുനു രാധ, വിനോദ്.എസ്,ശശിധരൻ,കെ.വി സുരേഷ് കുമാർ, പങ്കജാക്ഷൻ, ആർ.സദാനന്ദൻ, ശശികുമാർ, വിനോദ്, ബിനി സതീശൻ, ബാലൻ എന്നിവരെ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.