20-kadakali
62-ാം വയസിൽ കഥകളി അരങ്ങേറാൻ ഒരുങ്ങുന്ന വേണുഗോപാൽ കൂടെ പരിശീലിക്കുന്നവർക്കൊപ്പം

പന്തളം :​ അറുപത്തിരണ്ടാം വയസിലും കഥകളി അരങ്ങേറാനുള്ള തീവ്രപരിശീലനത്തിലാണ് പന്തളം പെരുംപുളിക്കൽ പേഴുംകാട്ടിൽ വീട്ടിലെ ജി.വേണുഗോപാലൻ നായർ.കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിലെ കഥകളി സംഘത്തിലെ മുതിർന്ന കലാകാരനാണ് വേണുഗോപാൽ. ഈ മാസം അവസാനമാണ് അരങ്ങേറ്റം. ചിട്ടയായ പരിശീലനമാണ് നടക്കുന്നത്. പ്രശസ്ത കഥകളി കലാകാരൻ പന്തളം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശീലനം. ക്ലാസ് മുടക്കാതെ കൈ മെയ് മറന്നുള്ള പരിശീലനത്തിലാണ് ഒരോത്തരും. കൂടെയുള്ളവരെല്ലാം കൊച്ചുകുട്ടികളാണ്.അതുകൊണ്ട് തന്നെ അവർക്കൊപ്പം പഠിച്ചെടുക്കാൻ നല്ല മെയ് വഴക്കം ആവശ്യമാണ്. ഭാഗവതപാരായണവും കലാപ്രവർത്തനങ്ങളും ഒക്കെയാണ് വേണുഗോപാലിന്റെ ജീവിതം. വീട്ടമ്മയായ ഓമനയാണ് ഭാര്യ. കഥകളിയോടുള്ള വേണുഗോപാലിന്റെ താൽപര്യം വലുതാണെന്നും നന്നായി പരിശീലിക്കുന്നുണ്ടെന്നും പരിശീലകൻ കൂടെയായപന്തളം ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒപ്പം പഠിക്കുന്ന ചേട്ടനെപ്പറ്റി പരിശീലനത്തിൽ എത്തുന്ന കുട്ടികൾക്കും വലിയ മതിപ്പാണ്.