ശബരിമല: സന്നിധാനത്ത് ഒന്നാമത്തെ ക്യൂവിൽ വി.ഐ.പി പരിഗണനയുള്ളവർക്ക് ദർശനം അനുവദിക്കുന്നത് സംബന്ധിച്ച് ദേവസ്വം വിജിലൻസ് എസ്.പി ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കു നൽകിയ കത്ത് ബോർഡ് മീറ്റിംഗിൽ ചർച്ച ചെയ്യുമെന്ന് സൂചന. ശബരിമലയുടെ സുരക്ഷയും അഴിമതികളും കണ്ടെത്തി റിപ്പോർട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥർ ദേവസ്വം ബോർഡ് അംഗങ്ങളറിയാതെ കത്ത് നൽകിയത് ദേവസ്വം ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്. കൊവിഡ് കാലഘട്ടത്തിലാണ് സന്നിധാനം സോപാനത്ത് കയറി തീർത്ഥാടകർ ദർശനം നടത്തുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് വി.ഐ.പി പരിഗണനയുള്ളവരും ശബരിമലയിൽ ഡ്യൂട്ടി നോക്കുന്ന ദേവസ്വത്തിന്റെയും പൊലീസിന്റെതും ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും ഒന്നാം നിരയിൽ നിന്ന് തൊഴുന്നത് പതിവായിരുന്നു. ഇങ്ങനെ ആളുകൾ എത്തുമ്പോൾ തീർത്ഥാടകർക്ക് ദർശനത്തിന് തടസമുണ്ടാകുന്നു എന്നാണ് ദേവസ്വം വിജിലൻസ് എസ്.പി ടി.കെ സുബ്രഹ്മണ്യൻ കത്തിലൂടെ ചൂണ്ടികാട്ടുന്നത്. മാത്രമല്ല ടിക്കറ്റെടുത്ത് വഴിപാട് നടത്തുന്നവരും തങ്ങളുടെ പൂജകൾ കാണുകയും പ്രസാദം വാങ്ങിക്കുകയും ചെയ്യുന്നത് ഒന്നാം നിരയിൽ നിന്നാണ്. ഈ സമയം പിന്നിലുള്ള മറ്റ് നിരകളിലൂടെ ഭക്തർക്ക് തടസമില്ലാതെ ദർശനം സാദ്യമായിരുന്നു. എന്നാൽ വഴിപാടുകാരുടെ ദർശനം സംബന്ധിച്ച് കത്തിൽ സൂചന നൽകിയിട്ടില്ല. ഉത്തരവ് സംവന്ധിച്ച് ബോർഡ് അംഗങ്ങൾക്കും പ്രസിഡന്റിനും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്.