ശബരിമല : ഇടവമാസ പൂജകളും പ്രതിഷ്ഠാദിന ചടങ്ങുകളും പൂർത്തിയാക്കി ശബരിമല നടയടച്ചു. ഇന്നലെ രാവിലെ 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്നു. നിർമ്മാല്യ ദർശനത്തിനും പതിവ് അഭിഷേകത്തിനുംശേഷം കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമം നടത്തി. ഉഷഃപൂജയ്ക്കും ഉദയാസ്തമയപൂജയ്ക്കും ശേഷം സഹസ്രകലശാഭിഷേകം നടന്നു. കളഭാഭിഷേകത്തിനും ഉച്ചപൂജയ്ക്കും ശേഷം അടച്ചനട വൈകിട്ട് 5ന് തുറന്നു. ദീപാരാധനയ്ക്കും പടിപൂജയ്ക്കും അത്താഴ പൂജയ്ക്കും ശേഷം അയ്യപ്പനെ ഭസ്മ വിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് ധ്യാനനിദ്രയിലാക്കി ഹരിവരാസനം പാടി നടയടച്ചു. മിഥുനമാസ പൂജകൾക്കായി ജൂൺ 14ന് വൈകിട്ട് 5ന് വീണ്ടും നടതുറക്കും.