dd

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം നാട്ടിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച ഭൗതികശരീരം വിലാപയാത്രയായാണ് ജന്മനാടായ നിരണത്ത് കൊണ്ടുവന്നത്. മെത്രാപ്പോലീത്തയുടെ മകനും ബിഷപ്പുമായ ഡാനിയേൽ മോർ തിമൊഥെയൊസ്‌, മരുമകനും സഭാസെക്രട്ടറിയുമായ റവ.ഡോ.ഡാനിയേൽ ജോൺസൺ, ജോഷ്വാ മാർ ബർണബാസ്‌ എപ്പിസ്‌കോപ്പ, സഭാ വക്താവ് റവ.ഫാ.സിജോ പന്തപ്പള്ളി എന്നിവർ അനുഗമിച്ചു. ഹരിപ്പാട് നഗരസഭയുടെ അന്തിമോപചാരത്തിന് ശേഷം വൈകിട്ട് 6.45ന് നിരണം സെന്റ് തോമസ് പള്ളിയിൽ മൃതദേഹം വഹിച്ച ആംബുലൻസ് എത്തി. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക പ്രമുഖരും ഉൾപ്പെടെ വൻജനാവലി എത്തി​യി​രുന്നു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, മാത്യൂസ് മാർ അപ്രേം എപ്പിസ്‌കോപ്പ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കബറടക്കത്തിന്റെ രണ്ടാംശുശ്രൂഷ ഇവിടെ നൽകി. തുടർന്ന് നഗരസഭയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ പൗരാവലി അന്ത്യാഞ്ജലി അർപ്പിച്ചു. തിരുവല്ലയിലെ സജീവസാന്നിദ്ധ്യമായിരുന്ന മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ രാത്രി വൈകിയും നൂറുകണക്കിന് ആളുകളാണ് കാത്തുനിന്നത്.

സഭാ ആസ്ഥാനത്ത് പൊതുദർശനം ഇന്ന്, കബറടക്കം നാളെ

ഇന്ന് രാവിലെ 9 മുതൽ നാളെ (ചൊവ്വ) രാവിലെ 9 വരെ തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവെൻഷൻ സെന്ററിൽ പൊതുദർശനം. നാളെ രാവി​ലെ 10ന് പള്ളിയിലേക്ക് വിലാപയാത്ര. 11ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രൽ പള്ളിയിൽ കബറടക്ക ശുശ്രൂഷ. പള്ളിയുടെ അരികിലാണ് കബറിടം. ഓർത്തഡോക്സ്‌ പാരമ്പര്യപ്രകാരം എട്ട് ഘട്ടങ്ങളുള്ള കബറടക്ക ശുശ്രൂഷയുടെ ഒരുക്കങ്ങളായി. കഴിഞ്ഞ ഏഴിന് അമേരിക്കയിലെ ഡാലസിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് പരിക്കേറ്റ മെത്രാപ്പൊലീത്ത ചികിത്സയിലിരിക്കെ എട്ടിന് വൈകിട്ടാണ് കാലംചെയ്തത്.