dd
പത്തനംതിട്ട നഗരത്തിൽ ചെടികളില്ലാതെ സംരക്ഷണ കവചം കാട് കയറി കിടക്കുന്നു

പത്തനംതിട്ട : നഗരസൗന്ദര്യം വീണ്ടെടുക്കാൻ ആരംഭിച്ച എന്റെ നഗരം എന്റെ പൂന്തോട്ടം പദ്ധതിയിൽ ഇപ്പോൾ ശേഷിക്കുന്നത് സംരക്ഷണ കവചം മാത്രം. ചില സംരക്ഷണ കവചങ്ങൾ കാട് കയറിയാണ് നിൽക്കുന്നത്. നഗരത്തിലെ റിംഗ് റോഡിൽ 2018ൽ എന്റെ നഗരം പൂന്തോട്ടം പദ്ധതിയിൽ ചെടികൾ സംരക്ഷിക്കാനായി നിറുത്തിയ കവചമാണിത്. പുറമേ നോക്കിയാൽ കുറച്ച് പെട്ടികൾ മാത്രമാണ് ഇവിടെയുള്ളത്. സ്റ്റേഡിയത്തിലെത്തുന്ന ചില വിരുതൻമാർ ഇവിടെ മാലിന്യവും നിക്ഷേപിക്കാറുമുണ്ട്.

സ്‌പോൺസർഷിൽ തുടങ്ങിയ പദ്ധതി

കന്നുകാലികൾ ഭക്ഷിക്കാത്ത മഞ്ഞ കോളാമ്പി ചെടികളായിരുന്നു നഗരത്തിലെ റോഡരികിൽ നട്ടിരുന്നത്. എന്നാൽ ചെടി നട്ട് കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ ഉണങ്ങി കരിഞ്ഞിരുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പോടുകൂടിയാണ് പദ്ധതി നടപ്പിലാക്കിയത്. ഓരോ ഭാഗം തിരിച്ചു കൊണ്ട് പ്രദേശവാസികൾക്കും, കുട്ടികൾക്കും വീട്ടുകാർക്കും ഈ പദ്ധതിയിൽ പങ്കാളികളാകാം. ഏറ്റെടുക്കുന്ന ഭാഗത്ത് ചെടികൾ വാങ്ങി കുഴിച്ച് വയ്ക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്.മുൻ ഭരണ സമിതി പരിസ്ഥിതി ദിനത്തിലും മരം നടൽ പദ്ധതി തുടങ്ങി വച്ചെങ്കിലും ആരും സംരക്ഷിക്കാനില്ലാതെ നശിച്ച് പോകുകയാണ് ചെയ്തത്. റിംഗ് റോഡിൽ നിൽക്കുന്ന മരങ്ങൾക്ക് ചുറ്റും ചെറിയ തറകൾ കെട്ടി സംരക്ഷിക്കുവാനും പദ്ധതിയുണ്ടായിരുന്നു. ഇതൊന്നും നടന്നിട്ടില്ല.

എല്ലാ ബഡ്ജറ്റിലും പദ്ധതി

നഗരസൗന്ദര്യത്തിന് നഗരസഭയുടെ ബഡ്ജറ്റിൽ തുടർച്ചയായി തുക വകയിരുത്താറുണ്ട്. ഏറ്റവും അവസാനം നടന്ന 2023- 2024 ബഡ്ജറ്റിൽ പത്ത് ലക്ഷം രൂപയാണ് നഗരം സൗന്ദര്യവൽക്കരണത്തിന് തുക വകയിരുത്തിയത്. മുൻ വർഷങ്ങളിൽ ഒന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ ബഡ്ജറ്റിൽ തുക മാറ്റി വച്ചിരുന്നു.

നിലവിലെ ഭരണ സമിതി നഗരസൗന്ദര്യത്തിനായുള്ള പദ്ധതി ആരംഭിച്ചിട്ടുണ്ട്. അത് മികച്ച രീതിയിൽ പോകുന്നുമുണ്ട്. കുടുതൽ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

(നഗരസഭാ അധികൃതർ)