അടൂർ : പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനുമുന്നിൽ അഭ്യാസം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പറക്കോട് സ്വദേശി ദീപു (44) ആണ് പിടിയിലായത്. മദ്യലഹരിയിലായിരുന്നു ഇയാളുടെ പാമ്പ് പിടിത്തവും, പാമ്പിനെ പ്രദർശിപ്പിക്കലും. ഞായറാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് മദ്യലഹരിയിലായിരുന്ന ദീപു ഓടയിൽ ഇറങ്ങി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. തുടർന്ന് കഴുത്തിലിട്ട് മറ്റുള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. കൂടാതെ ഇതിനെ തൊടാൻ മറ്റുള്ളവർക്ക് അവസരം ഒരുക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് പൊലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി ദീപുവിനെ കസ്റ്റഡിയിലെടുത്തു. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടുകയും പൊതുജന മദ്ധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.