കൊല്ലകടവ് : സമ്മിശ്ര കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പു നടത്തി നാടിനു മാതൃകയാവുകയാണ് ഭിന്നശേഷിക്കാരായ ഒരുപറ്റം കുട്ടിക്കർഷകർ. ചെങ്ങന്നൂർ കൊല്ലകടവിലാണ് കാർഷിക വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്ന ഭിന്നശേഷിക്കാരായകുട്ടിക്കർഷകരുള്ളത്. രോഗം തളർത്തിയ ശരീരവും മനസുമായി വീട്ടകങ്ങളിലെ ഇരുളടഞ്ഞ മൂലകളിൽ തളയ്ക്ക പ്പെടാൻ വിധിക്കപ്പെട്ട തങ്ങളുടെ മക്കളെയോർത്ത് ഹൃദയം നുറുങ്ങിയരക്ഷിതാക്കളും ഇന്ന് സന്തോഷത്തിലാണ് . ചെറിയനാട് പഞ്ചായത്തിലെ കടയിക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ' ഗുഡ് എർത്ത് ട്രസ്റ്റിന്റെ കീഴിലുള്ള' മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്റർ ' ആവിഷ്കരിച്ചു നടപ്പിലാക്കിയ ' വിളവ് - 2023 ' - സമ്മിശ്ര കാർഷിക പദ്ധതിയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തുണയായി തീർന്നത്. ഗുഡ് എർത്ത് ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ കൊല്ലകടവ് കടയ്ക്കാട്ടെ അഞ്ചേക്കറോളം വരുന്ന പുരയിടങ്ങൾക്കു പുറമെ തങ്ങളുടെ വീട്ടുവളപ്പുകളിലുമായാണ് കുട്ടി കർഷകരുടെ കൃഷിഫാം പ്രവർത്തിക്കുന്നത്. പയർ , പാവൽ , വെണ്ട , മത്തൻ , പടവലം , കോവൽ , ചീര തുടങ്ങി വിവിധ ഇനം പച്ചക്കറികൾക്കു പുറമെ കപ്പ , വാഴ, പ്ലാവ്, ചീമപ്ലാവ് എന്നിവയുടെ സമൃദ്ധമായ കൃഷി ഫാമിൽ വിവിധ ഇനത്തിലുള്ള ആട് , കോഴി എന്നിവയും പശു വളർത്തലുമുണ്ട്. ഫാം പ്രവൃത്തികൾക്കു പുറമെ , കുട്ടിക്കർഷകരുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പരിശീലന പ്രവർത്തനങ്ങൾക്കും സെന്ററിൽ സൗകര്യമുണ്ട്. കൃഷിയോടൊപ്പം വായനാ സംസ്കാരത്തെ വളർത്തുന്നതായി കൃഷി ഫാമിനോടുചേർന്ന്സജ്ജീകരിച്ചിട്ടുള്ള എക്കോ ലൈബ്രറിയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കൃഷിഫാമിന്റെ മൊത്തത്തിലുള്ള ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി മികച്ച 37 കുട്ടി കർഷകരിൽ തെരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് 2023 -ലെ കൃഷി അവാർഡ് നൽകി അധികൃതർ ആദരിച്ചതും നാടിന് അഭിമാനമായി.