മല്ലപ്പള്ളി : കരാറുകാരനെ കാണാനായി മണിമലയാറ് നീന്തിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കല്ലുപ്പാറയിലെ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പിനിയിലെ തൊഴിലാളിയായ ബീഹാർ സ്വദേശി നരേഷ് (25) ആണ് ഒഴുക്കിൽപ്പെട്ടത്. പുറമറ്റം കോമളം പാലത്തിന് സമീപത്തെ കോമളം കടവിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിന്റെ പണി നടക്കുകയാണ്. ചുറ്റിക്കറങ്ങി മറുകരയിലേക്ക് പോകുന്നത് ഒഴിവാക്കാനാണ് മൂന്നുപേരും നീന്തിയത്. മറ്റുരണ്ടുപേരും മറുകരയിലെത്തി നോക്കുമ്പോഴാണ് നരേഷ് ഒപ്പമില്ലെന്ന് അറിഞ്ഞത്. ഇവർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴയെ തുടർന്ന് ആറ്റിൽ ജലനിരപ്പ് ഉയർന്ന് ഒഴുക്ക് ശക്തമാണ്.