കോന്നി : കോന്നിയിൽ ഇന്നലെ അഞ്ചിടങ്ങളിൽ വ്യത്യസ്ത വാഹന അപകടങ്ങൾ ഉണ്ടായി. പുലർച്ചെ ഒരുമണിയോടെയാണ് ആദ്യ അപകടം. പെരുമ്പാവൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാർ കോന്നി കെ.എസ്.ആർ.ടി. സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപം പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കൈവരിയിൽ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശി വർഗീസി (35)നും ഭാര്യക്കുമാണ് പരിക്കേറ്റത്.മൂന്ന് വയസുള്ള കുട്ടിയും കാറിൽ ഉണ്ടായിരുന്നു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് പറയുന്നു. പുലർച്ചെ മൂന്ന് മണിയോടെ വകയാറിൽ പച്ചക്കറി കയറ്റിവന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞു. വാൻ നിയന്ത്രണം വിട്ട് സംസ്ഥാന പാതയുടെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചു മറിയുകയായിരുന്നു. ആർക്കും പരിക്കില്ല. മുറിഞ്ഞകല്ലിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു. കൂടൽ ഇഞ്ചപ്പാറയിലും കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അതുമ്പുംകുളം ഞള്ളൂർ ഭാഗത്ത് പിക് അപ് വാൻ റോഡരികിൽ ഇടിച്ചും അപകടമുണ്ടായി. ആർക്കും പരിക്കില്ല.