അടൂർ : മഴയത്തുള്ള പൈപ്പിടൽ കാരണം മിനി ഹൈവേ ചെളിക്കുളമായി. ഏഴംകുളം മുതൽ ഏനാത്ത് വരെയുള്ള ഭാഗത്ത് ജൽജീവൻ പദ്ധതിയുടെ ഭാഗമായാണ് പൈപ്പ് സ്ഥാപിക്കുന്നത്. പി.ഡബ്ല്യ.ഡിയും ജൽജീവൻ മിഷനും ചേർന്ന് മഴയ്ക്ക് തൊട്ടുമുമ്പാണ് പണികൾ തുടങ്ങിയത്. പൈപ്പിടാനായി കുഴിക്കുന്ന മണ്ണ് റോഡിലേക്കാണ് ഇടുന്നത്. പൈപ്പിട്ട ശേഷം മണ്ണ് പലയിടത്തും പൂർണമായി റോഡിൽ നിന്ന് മാറ്റുന്നില്ല. ഇതോടെ മണ്ണ് മഴയത്ത് കുതിർന്ന് റോഡിൽ ചെളിയായി കിടക്കുകയാണ്. കൈതമുക്ക്, വയല ഭാഗങ്ങളിലാണ് കൂടുതൽ ചെളി. ഇറക്കം വരുന്ന ഭാഗമാണ് പ്രധാനമായും ചെളിയായി കിടക്കുന്നത്. ചെളിയിൽ കൂടി പോകുമ്പോൾ വാഹനങ്ങൾ തെന്നുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. ഇരുചക്ര വാഹന യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. രാത്രിയിൽ പോകുന്നവർക്ക് അപകട സൂചന നൽകാൻ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
-----------------
അടിയന്തരമായി റോഡിലെ ചെളി നീക്കി റോഡ് വൃത്തിയാക്കണം. സൂചനാബോർഡുകൾ സ്ഥാപിക്കണം. അപകടം ഉണ്ടായശേഷം ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിട്ട് ഫലമില്ല.
സി. കൃഷ്ണകുമാർ
ജില്ലാ പഞ്ചായത്ത് മെമ്പർ
------------------
ജലജീവൻ പദ്ധതി പൂർത്തിയാക്കി വീണ്ടും റോഡ് ടാർ ചെയ്തെങ്കിൽ മാത്രമേ അപകടം ഇല്ലാതാകു. റോഡിലേക്ക് ഇട്ടിരിക്കുന്ന മണ്ണ് എത്രയും പെട്ടെന്ന് നീക്കണം.
ജയകുമാർ
നാട്ടുകാരൻ