മല്ലപ്പള്ളി : മഴപെയ്താൽ താലൂക്ക് പ്രദേശത്ത് വൈദ്യുതി മുടക്കം പതിവാകുന്നു. ഒരുമണിക്കൂറിനിടയിൽ പത്തിലധികം തവണയാണ് വൈദ്യുതി വന്നും പോയും നിൽക്കുന്നത്. ഇന്നലെ പകൽ സമയം മഴ ഇല്ലായിരുന്നിട്ടുകൂടി രാവിലെ 12 മുതൽ 3 വരെ മിനിറ്റുകൾ ഇടവിട്ട് വൈദ്യുതി തടസപ്പെട്ടു. താലൂക്ക് പ്രദേശത്തെ മല്ലപ്പള്ളി, വായ്പൂര്, വെണ്ണിക്കുളം, ചെറുകോൽപ്പുഴ എന്നീ സെക്ഷൻ ഓഫീസുകളിൽ ഫോൺ വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കാറില്ല എന്ന ആക്ഷേപവും ശക്തമാണ്. മിനിറ്റുകൾക്കിടയിലുള്ള വൈദ്യുതി മുടക്കം ഗാർഹിക ഗുണഭോക്താക്കളെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി ബന്ധം തടസപ്പെട്ട ശേഷം പുനസ്ഥാപിക്കുമ്പോൾ ഉയർന്ന വൈദ്യുതി പ്രവഹിക്കുന്നതുമൂലം ഗൃഹോപകരണങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളും തകരാറിലാകുന്നു. മല്ലപ്പള്ളി കെ.എസ്ആർ.ടി.സി സബ് ഡിപ്പോയ്ക്ക് സമീപത്ത് ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കമ്പികടിപ്പിച്ച തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചത് മൂലം മല്ലപ്പള്ളി പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിലേറെയായി വൈദ്യുതി മുടക്കം പതിവാണ്. കോട്ടാങ്ങൽ ,ചുങ്കപ്പാറ, ചാലാപ്പള്ളി എഴുമറ്റൂർ ,തടിയൂർ, വെണ്ണിക്കുളം, പടുതോട് പ്രദേശങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. മഴ പെയ്ത് വൈദ്യുതി കമ്പി നനഞ്ഞാൽ ഉടൻ വൈദ്യുതി മുടങ്ങുന്നത് പതിവായിരിക്കുകയാണ്. താലൂക്കിലെ വൈദ്യുതി മുടക്കത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
..........................................
അടിക്കടിയുള്ള വൈദ്യുതി മുടക്കം ഗാർഹിക ഉപകരണങ്ങൾ തകരാറിലാക്കുന്നതിനൊപ്പം, ഉയർന്ന വൈദ്യുതി നിരക്ക് ഉണ്ടാകുന്നതിനും കാരണമായേക്കാം. ഇത് ഗാർഹിക ഗുണഭോക്താക്കൾക്കും വ്യാപാരികൾക്കും തിരിച്ചടിയാവും.
സുകുമാരൻ
(ഇലക്ട്രിസിറ്റി ഓഫീസിലെ
മുൻ കരാർ ജീവനക്കാരൻ)
......................................................
1. 12 മുതൽ 3 വരെ മിനിറ്റുകൾ ഇടവിട്ട് വൈദ്യുതി മുടക്കം
2. കെ.എസ്ഇ.ബി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് പരാതി
3. ഗാർഹിക ഗുണഭോക്താക്കളും വ്യാപാരികളും പ്രതിസന്ധിയിൽ