റാന്നി: റാന്നിയുടെ ഹൃദയഭാഗമായ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ മാലിന്യ കൂമ്പാരം. ദിവസവും ആയിരക്കണക്കിനു ആളുകൾ കടന്നു പോകുന്ന ബസ്സ് സ്റ്റാൻഡിലാണ് ഇത്തരത്തിൽ ചാക്കിൽ കെട്ടി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പഴവങ്ങാടി പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തിയത്. ഇതിനു തൊട്ട് പിന്നാലെയാണ് മാലിന്യങ്ങൾ കുന്നുകൂട്ടി ടൗണിൽ തന്നെ ഇട്ടിരിക്കുന്നത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സമീപം തെരുവ് വിളക്കിന് ചുറ്റുമായാണ് മാലിന്യം തള്ളിയിരുന്നത്. ഹരിത കർമ്മ സേന വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചവയാണിത്. മഴശക്തിപ്രാപിച്ചതോടെ മാലിന്യം ചീഞ്ഞു ദുർഗന്ധം വമിക്കുന്ന നിലയിലാണ്. മാലിന്യം ശേഖരിച്ചുകൊണ്ടിരുന്ന പഞ്ചായത്തിന് സ്വന്തം വാഹനം കാലാവധി കഴിഞ്ഞതിനാൽ ഓടിക്കാനാവില്ല. അതിനാൽ വാടക വാഹനത്തിലാണ് ഇപ്പോൾ മാലിന്യങ്ങൾ നീക്കുന്നത്. ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നവർ ശേഖരിച്ച മാലിന്യങ്ങൾ രാത്രിയിൽ കൊണ്ടുവന്ന് നഗര ഹൃദയത്തിൽ തള്ളുകയായിരുന്നു. ഇപ്പോൾ മാലിന്യം തള്ളിയിരിക്കുന്നതിനു പിന്നിലായിട്ട് പഞ്ചായത്തിന്റെ ഷെഡ്രിംഗ് യൂണിറ്റ് സ്ഥിതിചെയ്യുന്നുണ്ട്. അവിടെ നിന്നുമാണ് ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ചു മാറ്റുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി പഞ്ചായത്തിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണം വളരെ ഗംഭീരമായി നടത്തിയിരുന്നു. ഇതിനു പിന്നാലെ പൊതുസ്ഥലത്ത് മാലിന്യം തള്ളിയതോടു കൂടി പഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണം പ്രഹസനമായി മാറിയെന്നാണ് ആക്ഷേപം ഉയരുന്നുണ്ട്. നഗര ഹൃദയത്തിൽ അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.