22-pdm-toilet
പന്തളം കെ. എസ്. ആർ. ടി. സി സ്റ്റാൻഡിലെ പൂട്ടിയിട്ടിരിക്കുന്ന ടോയ്ലറ്റ്

പന്തളം: അതിർത്തി തിരിച്ചപ്പോൾ നഗരസഭ ടോയ്ലറ്റിന് താഴിട്ട് പന്തളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും സ്റ്റാൻഡിലെ ജീവനക്കാർക്കും ഇതോടെ ബുദ്ധിമുട്ടായി. 2010ൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് നിർമൽ പുരസ്‌കാരമായി സമ്മാനിച്ചതാണ് ഇത്. പിന്നീട് സാമൂഹിക വിരുദ്ധർക്ക് മാത്രമുള്ളതായി ഇത് മാറുകയായിരുന്നു. മദ്യപിക്കാനും സിഗരറ്റ് വലിക്കാനും മുറുക്കിത്തുപ്പാനും കണ്ടെത്തിയ സ്ഥമാണ് ഇത്. ടോയ്ലെറ്റിലെ ക്ലോസറ്റും ടൈൽസുമെല്ലാം ഇക്കൂട്ടർ ഇടിച്ചു തകർക്കുകയും ചെയ്തിരുന്നു. വേലികെട്ടിത്തിരിച്ചതോടെ നഗരസഭയും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള വടംവലിയിൽ പെട്ടുപോകുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഡിസംബറിൽ നഗരസഭ വേലികെട്ടി തിരിച്ചെടുത്തതോടെ ബസ് സ്റ്റാൻഡിൽ നിന്ന് ടോയ് ലെറ്റിലേക്കുള്ള വൈദ്യുതി ബന്ധം കെ.എസ്.ആർ.ടി.സി. അധികൃതർ ആദ്യം വിശ്ചേദിച്ചു. വെള്ളമില്ലാതാതോടെ ടോയ്ലെറ്റിന്റെ സമീപത്തുപോലും ചെല്ലാനാകാത്ത വിധം വൃത്തിഹീനമായി. സ്വന്തം സ്ഥലത്തായ ടോയ്ലെറ്റിന്റെ പുനരുദ്ധാരണം നടത്തിശേഷം ഇവിടെ ആരംഭിക്കുന്ന നഗരസഭാ ബസ് സ്റ്റാൻഡിലെത്തുന്നവർക്കുകൂടി ഉപയോഗിക്കാൻ നൽകുകയാണ് നഗരസഭാ അധികാരികളുടെ ഉദ്ദേശ്യം. വൃത്തിയാക്കിയിട്ടും നഗരസഭാ ബസ് സ്റ്റാൻഡ് മാറ്റിയതുമില്ല ഇത് തുറന്നുകൊടുത്തിട്ടുമില്ല. ശബരിമല തീർത്ഥാടനകാലത്ത് ധാരാളം അയ്യപ്പഭക്തർ സ്റ്റാൻഡിലെത്തുന്നുണ്ട്. പൊതു ടോയ്ലെറ്റ്പോലുമില്ലാത്ത പന്തളത്ത് പുറത്തുനിന്നെത്തുന്നവരും ഇതിനെയായിരുന്നു ആശ്രയിച്ചിരുന്നത്. പുതുക്കിപ്പണിത ടോയ്ലെറ്റ് ഏപ്രിൽ മുതൽ തുറന്നുപ്രവർത്തിപ്പിക്കുന്നതിനായി നഗരസഭ ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപയ്ക്ക് ലേലംചെയ്ത് കൊടുത്തിട്ടുണ്ടെങ്കിലും വൈദ്യുതിയും വെളളവും ഇല്ലാത്തതിനാൽ കരാർ എടുത്തവർ ഇതുവരെ തുറന്നുകൊടുക്കാതിരിക്കുന്നതിൽ പൊതുജനങ്ങൾക്ക് അമർഷമുണ്ട്. കരാറുകാരിൽ നിന്നും നിരത ദ്രവ്യമോ അഡ്വാൻസ് തുകയോ നഗരസഭ വാങ്ങാതെയാണ് കരാർ നൽകിയതെന്ന് ആക്ഷേപമുണ്ട്.

................................

പന്തളം ചന്തയിലെത്തുന്ന വ്യാപാരികളുൾപ്പെടെയുള്ള ജനം പെട്ടുപോയ അവസ്ഥയിലാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടൻ നഗരസഭാ ബസ് സ്റ്റാൻഡ് കെ.എസ്.ആർ.ടി.സി.യ്ക്ക് സമീപത്തേക്ക് മാറ്റും.

(നഗരസഭാ അധികൃതർ)