22-nargm-library
പൂട്ടിയ നാരങ്ങാനത്തെ വായനശാല

നാരങ്ങാനം:നാരങ്ങാനം പഞ്ചായത്തിൽ അറുപത് വർഷത്തിലേറെയായി പ്രവർത്തിച്ചുകൊണ്ടിരുന്ന വായനശാല നിറുത്തി. പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ വായനശാല നിറുത്തിയതിൽ പ്രതിഷേധം ശക്തമാണ്. വായനശാലയിലേക്ക് വരുത്തിയിരുന്ന ദിനപ്പത്രങ്ങളും നിറുത്തി. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചത് ഇവിടെ നിന്നാണെന്ന് പഴയ തലമുറക്കാർ പറയുന്നു. നാരങ്ങാനം സ്വദേശികളായ മുൻ എം.എൽ.എമാരായ പരീതു രാവുത്തർ, എൻ.ജി ചാക്കോ തുടങ്ങിയവർ നാരങ്ങാനത്തിന്റെ വികസന ചർച്ചകൾക്ക് വേദിയാക്കിയിരുന്നത് ഈ വായനശാലയായിരുന്നു. അവിടെ നടന്ന ചർച്ചകളുടെ ഫലമായാണ് വില്ലേജ് ഓഫീസ്, എസ്.ബി.ഐ, മൃഗാശുപത്രി എന്നിവ നാട്ടിൽ വന്നത്. നിർദ്ധനരായ നിരവധി പ്രദേശവാസികൾ പത്രവായനയ്ക്ക് ആശ്രയിച്ചിരുന്നതും ഇവിടെയാണ്. നേരത്തെ വായനശാല പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ വന്നതോടെ പഞ്ചായത്ത് കെട്ടിടത്തിന്റെ സ്റ്റെയർ കേസിന് അടിയിൽ ഒരു മേശയും ഒരു ബഞ്ചും മാത്രമിട്ടാണ് പ്രവർത്തിച്ചിരുന്നത്. സ്റ്റെയർ കേസിനടിയിൽ മാലിന്യം തള്ളിത്തുടങ്ങിയതോടെ പത്രം വായിക്കാൻ ആരും വരാതായി. വായിക്കാൻ ആളില്ലെന്ന കാരണം പറഞ്ഞാണ് ഇപ്പോൾ

പഞ്ചായത്ത് അധികൃതർ അഞ്ചോളം ദിനപ്പത്രങ്ങൾ നിറുത്തിയത്.
1945 മുതലുള്ള 6000 ലേറെ പുസ്തകങ്ങളുളള ഗ്രന്ഥശാലയും ഇതിന് സമീപമുണ്ട്. ഇവിടെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന സേവനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. .
വായനശാലയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.