കബറടക്കം ഔദ്യോഗിക ബഹുമതികളോടെ
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കബറടക്കി. ഇന്നലെ രാവിലെ 9.30 ഓടെ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾക്കു ശേഷം കബറടക്കത്തിന്റെ എട്ടാമത്തേതും അവസാനത്തേതുമായ ശുശ്രൂഷകൾ നടത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അഡ്മിനിസ്ട്രേറ്റർ സാമുവൽ മാർ തിയോഫിലോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. പൊതുദർശനത്തിനുശേഷം കൺവെൻഷൻ സെന്ററിൽനിന്ന് കത്തീഡ്രൽ ദേവാലയത്തിലേക്ക് വിലാപയാത്ര ആരംഭിച്ചു. വിലാപയാത്ര ദേവാലയത്തിൽ എത്തിയതോടെ രണ്ടു ഘട്ടങ്ങളിലായുള്ള അന്ത്യകർമ്മങ്ങൾ തുടങ്ങി. മദ്ബഹയോടും പുരോഹിതരോടും സന്ന്യാസിനിമാരോടും വിശ്വാസ സമൂഹത്തോടും ലോകത്തോടും യാത്രചോദിക്കുന്ന വികാരനിർഭരമായ ചടങ്ങിൽ നാലുദിക്കിലേക്കും ശവമഞ്ചം ഉയർത്തി പ്രാർത്ഥിച്ചു. തുടർന്ന് ധൂപപ്രാർത്ഥന നടത്തി കുന്തിരിക്കം മൃതശരീരത്തിൽ വർഷിച്ചു. ശേഷം മൃതശരീരപേടകം പ്രത്യേക കല്ലറയിലേക്ക് ഇറക്കിവച്ചു.സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രൽ മദ്ബഹയുടെ അരികിലാണ് കബർ.
മാർത്തോമാ സഭയിലെ ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോഴിയൂർ സഭയിലെ സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, ബിലീവേഴ്സ് സഭയിലെ ജോൺ മോർ ഐറേനിയോസ്, മാത്യൂസ് മാർ സിൽവാനിയോസ്, യോഹാൻ മെത്രാപ്പൊലീത്തയുടെ മകനും ബിഷപ്പുമായ ദാനിയേൽ മാർ തിമോഥേയോസ് തുടങ്ങിയ എപ്പിസ്കോപ്പാമാർ സഹകാർമ്മികരായി. മെത്രാപ്പൊലീത്തയുടെ മരുമകനും സഭാ സെക്രട്ടറിയുമായ ഫാ.ഡോ. ദാനിയേൽ ജോൺസൺ, മെത്രാപ്പൊലീത്തയുടെ ഭാര്യ ഗീസല്ല യോഹന്നാൻ, മകൾ സാറാ ജോൺസൺ, മരുമകൾ എറിക പുന്നൂസ് എന്നിവരും ചെറുമക്കളും ബന്ധുമിത്രാദികളും സഭാ വക്താവ് ഫാ.സിജോ പന്തപ്പള്ളിലും വിശ്വാസികളും കബറിടത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ കബറടക്ക ശുശ്രൂഷകൾ പൂർത്തിയായി.
അന്ത്യകർമ്മങ്ങൾ 14 ഭാഷകളിൽ
മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ബ്രസീലിലെ ബോറു ഭാഷ ഉൾപ്പടെ 14 ഭാഷകളിലാണ് അന്ത്യകർമ്മങ്ങൾ നടന്നത്. വിവിധ ഭാഷകൾ ഉപയോഗിക്കുന്ന വിശ്വാസികൾക്കു വേണ്ടിയായിരുന്നു ഇത്. മാർപ്പാപ്പമാരെപ്പോലെ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതീകശരീരവും കിടത്തിയാണ് കബറടക്കിയത്. ഓർത്തഡോക്സ് പാരമ്പര്യ പ്രകാരമുള്ള ശുശ്രൂഷകൾക്ക് വിവിധ സഭകളിലെ മെത്രാപ്പൊലീത്തമാർ നേതൃത്വം നൽകി.