aranmula
കനത്ത മഴയിൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഇടിഞ്ഞുവീണ നിലയിൽ

കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ മതിൽക്കെട്ട് കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ ഇടിഞ്ഞുവീഴാൻ കാരണം ദേവസ്വം ബോർഡിന്റെ കെടുകാര്യസ്ഥതമൂലം. ക്ഷേത്രത്തിന്റെ വടക്കേ ഗോപുരത്തോടുചേർന്ന് പമ്പാ നദിയിലേക്ക് ഇറങ്ങുന്ന ഭാഗത്തിനും വടക്കേ ഊട്ടുപുരയ്ക്കും ഇടയ്ക്കുള്ള മതിലാണ് ഇടിഞ്ഞത്. കിഴക്കേ നടയിൽനിന്ന് ഊട്ടുപുരയ്ക്ക് താഴ്ഭാഗത്തുകൂടി നദിയിലേക്ക് പോകുന്ന റോഡിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. ഈ സമയം റോഡിൽ ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. .
2018ലെ പ്രളയകാലത്ത് മതിൽക്കെട്ടിന്റെ പൊക്കത്തിലാണ് പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നത്. ഭൂനിരപ്പിൽ നിന്ന് ഉയർന്നു നിൽക്കുന്ന ക്ഷേത്രവും വിശാലമായ തിരുമുറ്റവുമാണ് ആറന്മുള ക്ഷേത്രത്തിന്റെ പ്രത്യേകത. നാലു വശത്തും ഗോപരനടകളോടുകൂടിയ പതിനെട്ട് കൽപ്പടവുകൾ കയറിയാണ് ക്ഷേത്രമുറ്റത്തേക്ക് ആളുകൾ എത്തുന്നത്. പ്രളയകാലത്ത് നാട് വെള്ളത്തിൽ മുങ്ങിയപ്പോൾ ജനം ക്ഷേത്രത്തിലാണ് അഭയം പ്രാപിച്ചത്.
പ്രളയത്തിൽ ക്ഷേത്രത്തിന്റെ മതിലുകൾക്ക് കാര്യമായ ബലക്ഷയം ഉണ്ടായതായി വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പിനെ ദേവസ്വം ബോർഡ് അവഗണിച്ചതാണ് മതിൽക്കെട്ടുകൾ ഇടിഞ്ഞു വീഴാൻ പ്രധാന കാരണം. ക്ഷേത്ര മതിലിനുള്ളിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതും മറ്റൊരു കാരണമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയിൽ ഉൾപ്പെടുത്തി പണം ലഭിച്ചപ്പോൾ അടിയന്തരമായി വേണ്ട അറ്റകുറ്റപ്പണികൾ നടത്താതെ
ക്ഷേത്രമതിലിനുള്ളിൽ സദ്യാലയങ്ങൾ പണിയുന്നതിനാണ് പണം ഉപയോഗിച്ചത്.

വരുമാനമുണ്ട്, പക്ഷേ..


വള്ളസദ്യ കാലയളവിലും മണ്ഡല-മകരവിളക്ക് കാലത്തും ആറന്മുള ക്ഷേത്രത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് കാണിക്ക ഇനത്തിലും വഴിപാടുകളിലൂടെയും ലഭിക്കുന്നത്. എന്നിട്ടും ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ ബലക്ഷയമുള്ള ഭാഗങ്ങൾ പുനർനിർമ്മിക്കുന്നതിനോ ദേവസ്വം ബോർഡ് തയ്യാറാകാത്ത

തിൽ പ്രതിഷേധം ശക്തമാണ്.

ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തം.

മതിലിന്റെ ബലക്ഷയം കണ്ടെത്തിയിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല.