bus-
കോന്നി ടൗണിലെ നടുറോഡിൽ പാർക്ക് ചെയ്ത കെ എസ് ആർ ടി സി ബസ്

കോന്നി: നടുറോഡിൽ കെ.എസ്ആർ.ടി.സി ബസ് നിറുത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയെന്ന് പരാതി. സ്ഥിരം അപകട മേഖലയായ കോന്നി മാർക്കറ്റിനു സമീപത്ത് ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. തിരക്കേറിയ പുനലൂർ - മുവാറ്റുപുഴ സംസ്ഥാനപാതയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെ.എസ്ആർ.ടി.സി ബസാണ് നടുറോഡിൽ നിറുത്തിയിട്ടത്. കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ അനിൽകുമാറാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഇടപെട്ട് ബസ് മാറ്റി പാർക്ക് ചെയ്യണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്രൈവർ ഹോട്ടലിലേക്ക് പോവുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. സംസ്ഥാന പാതയിൽ അലക്ഷ്യമായി പാർക്ക് ചെയ്ത കെ.എസ്ആർ.ടി.സി ബസിന്റെ വീഡിയോയും ഫോട്ടോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.