ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭയിലെ 19-ാം വാർഡിൽപ്പെടുന്ന (ഹാച്ചറി വാർഡ്)
ചണ്ണത്തുംകാല ഹാച്ചറിപ്പടി റോഡ് പൂർണ്ണമായും തകർന്നു. വലിയ ഗർത്തങ്ങളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നത്. കാൽനടയാത്ര പോലും ദുഷ്‌ക്കരമാണ്. വലിയ കുഴികളിൽ അകപ്പെട്ട് ഇരുചക്ര വാഹനങ്ങളും കാറുകളുടെയും സഞ്ചാരം തടസപ്പെടുന്നു. മാസങ്ങളായി ഈ മേഖലയിലെ ജനങ്ങൾ ദുരിതംഅനുഭവിക്കുകയാണ്. എം.സി റോഡിൽ ഹാച്ചറി ജംഗ്ഷനിൽ നിന്ന് തുടങ്ങി കൊട്ടാരത്തിൽപ്പടി ജംഗ്ഷനിൽ എം.സി റോഡിൽ ചേരുന്ന 700 മീറ്റർ ദൂരമുള്ള നഗരസഭാ റോഡാണിത്. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിച്ചതോടെയാണ് ദുരിതം ആരംഭിച്ചത്. കനത്ത മഴയത്ത് ഉണ്ടാകുന്ന കുത്തോഴുക്കിനെ തുടർന്ന് റോഡിന്റെ ഭൂരിഭാഗം പ്രദേശത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് റോഡ് പൂർണ്ണമായും തകർന്ന സ്ഥിതിയാണ്. കയറ്റഭാഗത്ത് മണ്ണും ചരലും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ തെന്നിമാറി അപകടത്തിൽപ്പെടുന്നത് പതിവാണ്. ഇവിടെ നിന്ന് മണ്ണും ചരലും മഴയത്ത് ഒഴുകിയെത്തി റോഡിന്റെ മദ്ധ്യഭാഗത്ത് അടിഞ്ഞുകൂടി കിടക്കുകയാണ്.
പരാതി പറഞ്ഞിട്ടും നടപടി എടുക്കാതെ അധികൃതർ
അരമന റോഡിലേക്ക് പോകുന്ന ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സമീപ വാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ എതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഈ ഭാഗങ്ങളിലുള്ള വീടുകളിലെ പ്രായമായവരെ ആശുപത്രിയിൽ എത്തിക്കാൻ പാടുപെടുകയാണ് കുടുംബാംഗങ്ങൾ.
.....................................................
കൂടാതെ സ്‌കൂളിൽ പോകുന്ന കുട്ടികൾ ഈ അഴുക്കു വെള്ളത്തിൽ ചവിട്ടി വേണം പ്രധാന റോഡിൽ എത്താൻ. ഇതുമൂലം കുട്ടികൾക്ക് ത്വക്ക് രോഗങ്ങൾ പിടിപെടാൻ സാദ്ധ്യത ഏറെയാണ്. യാത്രാ ക്ലേശം മാറ്റി അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണം
(നാട്ടുകാർ)
.................
കുടിവെള്ള പൈപ്പിട്ടത് റോഡ് തകരാൻ കാരണമായി
...............
റോഡിന് 700 മീറ്റർ ദൂരം
................
റോഡിൽ വലിയ ഗർത്തങ്ങൾ
മണ്ണും ചരലും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറി കിടക്കുന്നു