തിരുവല്ല: നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ച് ഒന്നരവർഷമായിട്ടും ടെണ്ടർ നടപടിക്രമങ്ങൾ പോലും പൂർത്തിയായില്ല. ഇതുകാരണം ഈ അദ്ധ്യയന വർഷത്തിലും കുട്ടികൾക്ക് പഠിക്കാൻ പഴയ ടിൻ ഷീറ്റിട്ട കെട്ടിടം തന്നെ ശരണം. അപര്യാപ്തതകളിൽ വീർപ്പുമുട്ടിയിരുന്ന നെടുമ്പ്രം ഗവ.ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 2023ന്റെ തുടക്കത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ സന്ദർശിച്ച് കെട്ടിട നിർമ്മാണത്തിന് സ്ഥലം കണ്ടെത്തി മണ്ണ് പരിശോധനയും നടത്തി. മൂന്നുനില കെട്ടിടം നിർമ്മിക്കാനുള്ള പദ്ധതിയും തയാറാക്കി. എന്നാൽ തുകയുടെ അപര്യാപ്തത കാരണം ആദ്യത്തെ ഒരുനിലയെങ്കിലും പൂർത്തിയാക്കാനാണ് നീക്കം. ഇതിനായി നിലവിലെ പഴയകെട്ടിടം പൊളിച്ചു നീക്കണം. ഇവിടെ എൽ.പി, യു.പി വിഭാഗത്തിലെ നാല് ക്ലാസുകളാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടം പൊളിക്കുമ്പോൾ ഈ ക്ലാസുകൾക്ക് പകരം സംവിധാനം ഒരുക്കണം. താൽക്കാലിക സൗകര്യം ഒരുക്കാനായി ജില്ലാ പഞ്ചായത്ത് എട്ടുലക്ഷം രൂപ അനുവദിക്കാമെന്ന് അറിയിച്ചെങ്കിലും തുക ഇതുവരെയും ലഭിച്ചിട്ടില്ല. ഇതുകാരണം പഴയ കെട്ടിടം പൊളിക്കാനുള്ള നടപടികളും വൈകുകയാണ്. പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ടെണ്ടർ ജോലികൾ തുടങ്ങാനിരിക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും നടപടികൾ മുടങ്ങി. തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയോരത്താണ് നൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. നെടുമ്പ്രം പഞ്ചായത്തിലെ ഏക ഹൈസ്‌കൂളാണ്.

.........................................................

നെടുമ്പ്രം ഗവ. സ്‌കൂളിന്റെ കെട്ടിടത്തിന്റെ ടെണ്ടർ ജോലികൾ പൂർത്തിയാക്കി നിർമ്മാണം തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
(പൊതുമരാമത്ത് അധികൃതർ)

........................

100 വർഷം പഴക്കമുള്ള വിദ്യാലയം

2023ൽ അനുവദിച്ച തുക ടെൻണ്ടർ നടപടിയായില്ല